ആലപ്പുഴ: പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുടെ നിർമ്മാണത്തിൽ കയർഫെഡ് ശ്രദ്ധകേന്ദ്രീകരിക്കുന്നു. ചകിരിനാര് കൊണ്ടുള്ള ചെടിച്ചട്ടികളാണ് പുതിയ ഉത്പന്നം. ഏറെക്കാലം ഈടുനിൽക്കുന്നതും പ്രകൃതിക്കു ദോഷം വരുത്താത്തതുമാണ് ഇവ. പരിസ്ഥിതിദിനത്തിന്റെ ഭാഗമായി ഹരിപ്പാട് കുമാരപുരം ഗ്രാമപഞ്ചായത്തിന് 7,000 ചെടിച്ചട്ടികൾ കയർഫെഡ് വിതരണം ചെയ്‌തു. ചകിരിച്ചോർ ജൈവ രീതിയിൽ കമ്പോസ്റ്റ് ചെയ്ത് ഉത്പാദിപ്പിക്കുന്ന ജൈവവളത്തിനൊപ്പം വൃക്ഷത്തൈകളും പച്ചക്കറിത്തൈകളും ചേർത്താണ് ചെടിച്ചട്ടി വിതരണം ചെയ്യുന്നതെന്ന് കയർഫെഡ് പ്രസിഡന്റ് അഡ്വ. എൻ.സായികുമാർ പറഞ്ഞു.