ആലപ്പുഴ: കോഴിയിറച്ചി വില നിയന്ത്രണത്തിലായതോടെ നിശ്ചിത വില സംബന്ധിച്ച ഉത്തരവ് പിൻവലിച്ചതായി കളക്ടർ എ.അലക്‌സാണ്ടർ അറിയിച്ചു. ഉത്തരവിൽ പരാമർശിച്ചിരുന്നതിലും കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് കോഴിയിറച്ചി നൽകാൻ സാധിക്കുമെന്ന് കളക്ടറേറ്റിൽ ബുധനാഴ്ച നടന്ന യോഗത്തിൽ ആലപ്പുഴ ചിക്കൻ മർച്ചന്റ്സ് ആസോസിയേഷൻ, ആലപ്പി മീറ്റ് മർച്ചന്റ്‌സ് അസോസിയേഷൻ, ആൾ കേരള പൗൾട്രി ഫെഡറേഷൻ എന്നിവർ ആഭിപ്രായപ്പെട്ടതോടെയാണ് നടപടി.

ഏതെങ്കിലും സാഹചര്യത്തിൽ കോഴിയിറച്ചി വില കൂടുന്ന സ്ഥിതി ഉണ്ടാവുകയാണെങ്കിൽ അത് ജില്ലാ സപ്ലേ ഓഫീസർ വിലയിരുത്തി വീണ്ടും യോഗം ചേർന്ന് തുടർ നടപടികൾ സ്വീകരിക്കണമെന്ന് കളക്ടർ നിർദേശിച്ചു. വില കടകളിൽ പ്രദർശിപ്പിക്കണം. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കടകൾക്കെതിരെ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണമെന്ന് കളക്ടർ നിർദ്ദേശം നൽകി. ജില്ല സപ്ലൈ ഓഫീസർ പി.മുരളീധരൻ നായർ, ആലപ്പുഴ നഗരസഭ സെക്രട്ടറി കെ.കെ.മനോജ്, വിവിധ സംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.