രണ്ടു തവണ പ്രളയം, ഇക്കുറി കൊവിഡ്
ആലപ്പുഴ: തുടർച്ചയായ മൂന്നാം വർഷവും നെഹ്രുട്രോഫി ജലമേള അനിശ്ചിതത്വത്തിലേക്ക്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ പ്രളയം മൂലം ജലമേള ആഗസ്റ്റിലെ രണ്ടാം ശനിയിൽ നടത്താൻ സാധിച്ചിരുന്നില്ല. ഇത്തവണ കൊവിഡ് ഭീഷണിക്കു പുറമേ, മറ്റൊരു പ്രളയഭീഷണികൂടി ഉള്ളതിനാൽ നെഹ്രുട്രോഫിയും രണ്ടാം ചാമ്പ്യൻസ് ബോട്ട് ലീഗും നീളുമെന്ന് ഉറപ്പാണ്.
ചാമ്പ്യൻസ് ലീഗിലെ ആദ്യ ഇനമായ നെഹ്രുട്രോഫിക്കു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കേണ്ട സമയമാണിപ്പോൾ. എന്നാൽ നിലവിലെ അന്തരീക്ഷത്തിൽ മേളയെക്കുറിച്ചുള്ള ആലോചന പോലും ജില്ലാ ഭരണകൂടം നടത്തിയിട്ടില്ല. 2018ലെ ആദ്യ പ്രളയത്തിൽ കുട്ടനാട് പൂർണമായി വെള്ളത്തിലായതോടെ മേള നവംബറിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ തവണ രണ്ടാഴ്ച വ്യത്യാസത്തിൽ ആഗസ്റ്റ് 31 നാണ് മത്സരം നടത്തിയത്. ഇത്തവണ നവംബർ, ഡിസംബർ മാസങ്ങളിൽ മത്സരം നടത്താൻ ആലോചിച്ചാൽ, അത് തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിൽ മുങ്ങിയേക്കും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 9 ടീമുകൾ മത്സരിക്കുന്ന സി.ബി.എല്ലിനു വേണ്ടി താരങ്ങളെ സജ്ജമാക്കാനോ പരിശീലനം ആരംഭിക്കാനോ ക്ലബുകൾക്കും ഉടനൊന്നും സാധിക്കില്ല. ആലപ്പുഴയുടെ വിനോദ സഞ്ചാര സാദ്ധ്യതകളിൽ വലിയ സ്ഥാനമാണ് നെഹ്രുട്രോഫി ജലമേളയ്ക്കുള്ളത്. ആകർഷകമായ മത്സര ക്രമങ്ങളുമായി സി.ബി.എൽ ആരംഭിച്ചതോടെ ടൂറിസം സാദ്ധ്യതകളിലും കുതിപ്പ് പ്രതീക്ഷിച്ചിരുന്നു. ഓരോ ക്ലബിനു വേണ്ടിയും മത്സരിക്കുന്ന തുഴച്ചിൽകാർക്കും മികച്ച വരുമാനത്തിനുള്ള സീസൺ കൂടിയായിരുന്നു ജലമേളകളുടേത്.
..................................
5.9 കോടി: സി.ബി.എൽ സമ്മാനത്തുക
...............................
അന്താരാഷ്ട്ര നിലവാരത്തിൽ ആരംഭിച്ച ചാമ്പ്യൻസ് ബോട്ട് ലീഗ് ആലപ്പുഴയ്ക്കു പുറമേ, സംസ്ഥാനത്തിന്റെയാകെ വിനോദ സഞ്ചാര മേഖലയുടെ കവാടമാകുമെന്ന് കരുതിയിരുന്ന സമയത്താണ് പ്രളയം കല്ലുകടിയായത്. ഇത്തവണ കൊവിഡ് ഭീതിയും പിന്നാലെ എത്തുന്ന തിരഞ്ഞെടുപ്പ് വിജ്ഞാപനവും കൂടിയാവുമ്പോൾ ഈ വർഷം നെഹ്രുട്രോഫി മത്സരമെങ്കിലും നടത്താനാവുമോയെന്ന് ഉറപ്പില്ല
എ.എൻ പുരം ശിവകുമാർ, എൻ.ടി.ബി.ആർ എക്സിക്യുട്ടിവ് അംഗം