ചേർത്തല:മുഹമ്മ ഗ്രാമപഞ്ചായത്തും സേവനം ഇന്റർനാഷണൽ ചാരിറ്റബിൾ ആൻഡ് എഡ്യുക്കേഷണൽ ട്രസ്റ്റും സംയുക്തമായി സ്വാശ്രയ ഗ്രാമം പദ്ധതി നടപ്പാക്കും. മുഹമ്മയിലെ പൊതു പ്രവർത്തകരായിരുന്ന കെ.ദാസ്,സി.കെ.ഭാസ്കരൻ എന്നിവർ ദീർഘകാലം പ്രവർത്തിച്ച, പഞ്ചായത്തിലെ 15-ാം വാർഡാണ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്.തുടർന്ന് പഞ്ചായത്തിന്റെ 16 വാർഡുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
ആഗസ്റ്റ് 17ന് പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന പദ്ധതിക്ക് മുന്നോടിയായി 15ന് രാവിലെ 10ന് ഭൂമിപൂജ നടത്തും.വിശ്വഗാജി മഠാധിപധി സ്വാമി അസ്പർശാനന്ദ മുഖ്യകാർമ്മികത്വം വഹിക്കും.വിവിധ കൃഷികൾ,സമഗ്ര ചികിത്സ പദ്ധതി,വിദ്യാഭ്യാസ അഭിവൃദ്ധി പദ്ധതികൾ,ജലവിഭവ പരിപാലന പ്രവർത്തനങ്ങൾ,ഉൗർജ്ജം, വിഭവ പരിപാലനം,സമ്പൂർണ ഡിജിറ്റൽ ഗ്രാമം എന്നിവയാണ് സ്വാശ്രയഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.30 വർഷം കൊണ്ട് സമ്പൂർണ സ്വാശ്രയത്വം കൈവരിക്കുകയാണ് ലക്ഷ്യം. 15-ാം വാർഡിലെ 472 വീടുകളിലും പദ്ധതിയുടെ ഭാഗമായി 12 ഇനം പച്ചക്കറി കൃഷി ആരംഭിക്കും.ട്രസ്റ്റിന്റെ വകയായ 10 ഏക്കർ സ്ഥലത്ത് ഒരു കോ-ഓർഡിനേഷൻ സെന്റർ, 6 പേർ വീതമുള്ള ഗ്രൂപ്പുകളായി 12തരം കൃഷികൾ സുഭിക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കും.
പ്രവർത്തനങ്ങൾ ഏകോപ്പിക്കാൻ 23 പേരുള്ള വോളണ്ടിയർ ഗ്രൂപ്പ് രൂപീകരിച്ച് പല തവണ പരിശീലനം നൽകി. റിട്ട.സീനിയർ ലക്ചറർ പി.ആർ.രാമചന്ദ്രൻ രഘുവരപ്രിയ,റിട്ട.കൃഷി ഓഫീസർ ടി.എസ്.വിശ്വൻ,മുഹമ്മ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ സി.ബി.ഷാജികുമാർ തുടങ്ങിയവരടങ്ങിയ കർമ്മ സമിതിയാണ് നേതൃത്വം നൽകുന്നത്.നല്ല മണ്ണ്,നല്ല ജലം,കാഷിക-സാസ്കാരിക പാരമ്പര്യങ്ങൾ,സമ്പൂർണ സാക്ഷരത,സമ്പൂർണ യോഗാഗ്രാമം,ശിവഗിരി മഠത്തിന്റെ ശാഖ നിലനിൽക്കുന്ന ശങ്കരാനന്ദ സ്വാമി ജന്മസ്ഥലം, ഇന്ത്യയ്ക്കാകെ മാതൃകയായ പാലിയേറ്റീവ്കെയർ പദ്ധതിക്ക് രൂപം കൊടുത്ത ഗ്രാമം തുടങ്ങിയ വിശേഷണങ്ങളാണ് പദ്ധതിക്കായി മുഹമ്മയെ തിരഞ്ഞെടുക്കാൻ കാരണമെന്ന് സംഘാടകരായ പഞ്ചായത്ത് പ്രസിഡന്റ് ജെ.ജയലാൽ,സി.ബി.ഷാജികുമാർ,മാനേജിംഗ് ഡയറക്ടർ ടി.ആർ.തൃദീപ്കുമാർ എന്നിവർ അറിയിച്ചു.