കളക്ടേഴ്സ് @സ്‌കൂൾ പദ്ധതി​ക്ക് തുടക്കം

ആലപ്പുഴ: ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള സ്‌കൂളുകളിൽ മാലിന്യ സംസ്‌കരണത്തിൽ ഊന്നിയുള്ള പ്രവർത്തനങ്ങളുമായി ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത്. പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ സ്‌കൂളുകളിൽ എത്തുന്ന വിദ്യാർത്ഥികൾ വഴി ശേഖരിക്കുന്ന കളക്ടേഴ്സ് @സ്‌കൂൾ എന്ന പദ്ധതിയാണ് ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള സർക്കാർ- എയ്ഡഡ് മേഖലയിലെ 52 സ്‌കൂളുകളിലായി നടപ്പാക്കുന്നത്.

സ്‌കൂളുകളിൽ നിന്നുള്ള മാലിന്യങ്ങൾക്ക് പുറമെ കുട്ടികൾക്ക് അവരുടെ വീടുകളിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യവും സ്‌കൂളിലെ ഡസ്റ്റ് ബിന്നുകളിൽ നിക്ഷേപിക്കാം. നാല് ഡസ്റ്റ് ബിന്നുകളാണ് ഓരോ സ്‌കൂളിലും സ്ഥാപിക്കുന്നത്. ഒന്നാമത്തെ ബിന്നിൽ വെള്ള കുപ്പികൾ അടക്കമുള്ള പ്ലാസ്റ്റിക് മാലിന്യം, രണ്ടാമത്തെ ബിന്നിൽ കട്ടി കൂടിയ പ്ലാസ്റ്റിക് മാലിന്യം, മൂന്നിൽ പാൽ പാക്കറ്റുകൾ, നാലിൽ പേപ്പർ മാലിന്യം എന്നിങ്ങനെയാണ് നിക്ഷേപിക്കേണ്ടത്. സ്‌കൂൾ എസ്.എം.സി വഴി ഈ മാലിന്യങ്ങൾ ശേഖരിച്ചു സംസ്‌കരിക്കും. നിലവിൽ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള തൃക്കുന്നപ്പുഴ, കാർത്തികപ്പള്ളി പഞ്ചായത്തുകളിൽ പദ്ധതിയുടെ ഭാഗമായി ഡസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ കാലതാമസം നേരിടുന്നുണ്ടെങ്കിലും കൂടുതൽ ഡസ്റ്റ് ബിന്നുകൾ അടുത്ത ദിവസങ്ങളിൽ തന്നെ എത്തിച്ച് മറ്റ് പഞ്ചായത്തുകളിൽ പദ്ധതിയുടെ പൂർത്തീകരണം ഉടൻ നടത്തുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരി പറഞ്ഞു.
15 ലക്ഷം രൂപയാണ് പദ്ധതിക്കായി ബ്ലോക്ക് പഞ്ചായത്ത് മാറ്റി വച്ചിരിക്കുന്നത്. ബി.ഡി.ഒ. എസ്.ദിപുവാണ് പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥൻ. പ്ലാൻ കോർഡിനേറ്റർ കെ.കെ.ബിജുവും പദ്ധതിയുടെ പുരോഗതിക്ക് മേൽനോട്ടം വഹിക്കും.

....................................

52

ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള സർക്കാർ- എയ്ഡഡ് മേഖലയിലെ 52 സ്‌കൂളുകളിലായി നടപ്പാക്കുന്നത്

15

15 ലക്ഷം രൂപയാണ് പദ്ധതിക്കായി ബ്ലോക്ക് പഞ്ചായത്ത് മാറ്റി വച്ചിരിക്കുന്നത്.

.................................