ty
പള്ളാത്തുരുത്തിയിൽ കെട്ടിയിട്ടിരിക്കുന്ന ഹൗസ്ബോട്ടുകൾ

സർക്കാരിനെ സമീപിച്ചത് ടൂറിസം വകുപ്പ്

ആലപ്പുഴ: ഷോപ്പിംഗ് മാളുകൾ വരെ തുറന്ന് ലോക്ക്ഡൗൺ അയഞ്ഞ പശ്ചാത്തലത്തിൽ കേരളത്തിലെ കായൽ ടൂറിസത്തിന്റെ നട്ടെല്ലും ആയിരങ്ങളുടെ ജീവനോപാധിയുമായ ഹൗസ്ബോട്ടുകൾക്ക് ഇളവ് തേടി ടൂറിസം വകുപ്പ് സർക്കാരിനെ സമീപിച്ചു.

സംസ്ഥാനത്തെ 1,​500 ഹൗസ് ബോട്ടുകളിലായി പ്രത്യക്ഷമായി 4300ൽ അധികം പേരാണ് ഉപജീവനം നടത്തിയിരുന്നത്. പാചകത്തൊഴിലാളികളടക്കം മറ്റ് മേഖലകളിലേക്ക് തിരിഞ്ഞു.

കൊവിഡ് കണ്ടു തുടങ്ങിയ ഫെബ്രുവരി ആദ്യം മുതൽ ബോട്ടുകൾ നങ്കൂരമിട്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന ഏപ്രിൽ, മേയ് മാസങ്ങൾ പൂർണമായും നഷ്ടപ്പെട്ടു. നാല് മാസത്തിലധികമായി കെട്ടിയിട്ടിരിക്കുന്ന ബോട്ടുകൾക്ക് അറ്റകുറ്റപ്പണി നടത്താതെ സർവീസ് തുടങ്ങാനാവില്ല.

തുറമുഖ വകുപ്പിന്റെ കണക്ക് പ്രകാരം 1500 ഹൗസ് ബോട്ടുകളിൽ 833 എണ്ണം മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അനുമതി ലഭിച്ചാലും സഞ്ചാരികളുടെ എണ്ണം പരമാവധി കുറച്ച് ഇടവിട്ട ദിവസങ്ങളിൽ പ്രവർത്തിക്കാനാവും നിർദ്ദേശം. ലാഭകരമാവില്ലെങ്കിലും നേരിയ ഉണർവെങ്കിലും ഉണ്ടാവും. പക്ഷേ ഹൗസ് ബോട്ട് സഞ്ചാരത്തിന് ആളെത്തുമോയെന്നതും സംശയമാണ്.

മത്സ്യബന്ധനം പോലുള്ള അനുബന്ധ മേഖലകളെയും കൊവിഡ് പ്രതികൂലമായി ബാധിച്ചു. നിപ്പയും പ്രളയവും വരുത്തിയ നഷ്ടങ്ങളിൽ നിന്ന് കരകയറവേയാണ് കൊവിഡ് ടൂറിസത്തിന് ഭീഷണി ഉയർത്തിയത്.

 രജിസ്റ്റർ ചെയ്ത ഹൗസ്ബോട്ടുകൾ- 833

 ആലപ്പുഴ, കോട്ടയം: 769

 കൊല്ലത്ത് 34

 കൊടുങ്ങല്ലൂരിൽ 7

 ബേപ്പൂരിൽ 5

 അഴീക്കലിൽ 18

.

ഇളവുകളുടെ പശ്ചാത്തലത്തിലാണ് സർക്കാരിനെ സമീപിച്ചത്. ഘട്ടം ഘട്ടമായുള്ള ഇളവുകളാണ് പ്രതീക്ഷിക്കുന്നത്. ഹൗസ് ബോട്ടുകൾക്ക് പുറമേ, ബീച്ച്, പാർക്ക് എന്നിവയ്ക്കും ഇളവ് തേടിയിട്ടുണ്ട്

-- പി.ബാലകിരൺ, ടൂറിസം ഡയറക്ടർ

ലോൺ തിരിച്ചടവ് മുടങ്ങി. ഇളവുകളോടെ സർവീസ് ആരംഭിച്ചാലും ലാഭകരമാകുമെന്ന് പ്രതീക്ഷയില്ല. മറ്റ് ജോലികൾ അന്വേഷിക്കേണ്ട അവസ്ഥയാണ്

--എസ്.സാഗർ, റാഡോ ഹൗസ് ബോട്ട്സ്