ആലപ്പുഴ: പുതിയ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ജില്ലയ്ക്ക് ഇന്നലെ ആശ്വാസദിനം. ഒരാൾക്കുമാത്രമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. 82 പേരാണ് രോഗബാധിതരായി ചികിത്സയിലുള്ളത്.
ഇന്നലെ ഏഴ് സത്രീകൾ രോഗമുക്തി നേടിയതോടെ ജില്ലയിൽ 24 പേർ രോഗമുക്തരായി. കഴിഞ്ഞ ഒന്നിന് മോസ്‌കോയിൽ നിന്ന് കണ്ണൂരിലെത്തി ജില്ലയിലെ കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന മുതുകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. കുവൈറ്റിൽ നിന്നെത്തിയ അർത്തുങ്കൽ സ്വദേശിനി, അബുദാബിയിൽ നിന്നെത്തിയ മുതുകുളം സ്വദേശി, ദുബായിൽ നിന്നെത്തിയ പാണ്ടനാട് സ്വദേശി,ചെന്നൈയിൽ നിന്നെത്തിയ തഴക്കര സ്വദേശിനി, മഹാരാഷ്ട്രയിൽ നിന്നെത്തിയ തുറവൂർ സ്വദേശി, അബുദാബിയിൽ നിന്നെത്തിയ കണ്ടല്ലൂർ സ്വദേശി, അബുദാബിയിൽ നിന്നെത്തിയ മാന്നാർ സ്വദേശി എന്നിവരാണ് രോഗമുക്തരായത്.