പൂർത്തീകരണത്തിന് ഫണ്ടില്ലെന്ന് അധികൃതർ
ചാരുംമൂട് : താമരക്കുളം പഞ്ചായത്തിലെ വയ്യാങ്കര ചിറയിൽ തുടക്കമിട്ട ടൂറിസം പദ്ധതി എങ്ങുമെത്താതെ വട്ടംകറങ്ങുന്നു. കെ.സി. വേണുഗോപാൽ കേന്ദ്ര ടൂറിസം സഹമന്ത്രിയായിരിക്കെ ആലപ്പുഴ മെഗാ ടൂറിസം പദ്ധതിയുടെ ഭാഗമായി 1.62 കോടിയാണ് വയ്യാങ്കര ചിറ ടൂറിസത്തിനുവേണ്ടി മാറ്റിവച്ചത്.
2014 ജനുവരിയിൽ നിർമ്മാണോദ്ഘാടനം നടത്തി. ചിറയുടെ കിഴക്കു പടിഞ്ഞാറ് 200 മീറ്റർ നടപ്പാത, കുട്ടികൾക്കായുള്ള പാർക്ക് , ബഞ്ചുകൾ അലങ്കാര ചെടികൾ, പാർക്കിന്റെ ഭംഗിക്കായി അലങ്കാര പുല്ല് നടീൽ, അലങ്കാര ലൈറ്റുകൾ, ബോട്ട് യാർഡ് എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. ചിറയിൽ പെഡൽ ബോട്ടിംഗ് സവാരി പ്രധാന ആകർഷണമായി ആവിഷ്കരിച്ചു. നിർമ്മാണം തുടങ്ങി രണ്ടു വർഷം പിന്നിട്ടിട്ടും യാതൊരു പ്രയോജനവും പദ്ധതികൊണ്ട് ഉണ്ടായിട്ടില്ല.
പാർക്കിലെ പൂന്തോട്ടവും നടപ്പാതയും ബെഞ്ചുകളുമെല്ലാം കാടു കയറിയ നിലയിലാണ്. നടപ്പാതയിലും, പാർക്കിലുമായി സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രിക് ലൈറ്റുകൾക്കായി ലക്ഷങ്ങൾ ചെലവഴിച്ചെങ്കിലും ഇതുവരെ വൈദ്യതി കണക്ഷൻ ലഭിച്ചില്ല. റോഡിൽ നിന്നു പാർക്കിലേക്കുള്ള വഴി കാൽനടയായി പോലും ഉപയോഗിക്കാനാവാതെ തകർന്ന് കിടക്കുകയാണ്. റോഡിന്റെ പണി പൂർത്തീകരിക്കാതെ പദ്ധതി പ്രയോജനപ്പെടുകയുമില്ല. എന്നാൽ, പാർക്കിലേക്കുള്ള റോഡ് നന്നാക്കാനും വൈദ്യുതീകരണത്തിനും ഫണ്ട് ഇല്ലെന്നാണ് ആലപ്പുഴ ടൂറിസം അധികൃതർ പറയുന്നത്.
വരുമാനവും വെള്ളത്തിൽ
ചിറയുടെ ഇരുവശങ്ങളിൽ വലിയ തോതിൽ കൈയേറ്റം നടന്നിട്ടുണ്ട്. ഇവ ഒഴിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് നാളേറെയായി. പദ്ധതിയിലെ അനിശ്ചിതത്വം കാരണം വർഷങ്ങളായി ചിറ മത്സ്യകൃഷി ലേലത്തിന് കൊടുത്തിട്ടില്ല. ലക്ഷങ്ങളുടെ വരുമാന നഷ്ടമാണ് ഇതിലൂടെ പഞ്ചായത്തിന് ഉണ്ടായിരിക്കുന്നത്.
......................................
132 ഏക്കർ: വയ്യാങ്കര ചിറയുടെ വിസ്തൃതി
.......................
വയ്യാങ്കര ടൂറിസം പദ്ധതിയിൽ വലിയ അഴിമതി നടന്നിട്ടുണ്ട്. പാർക്ക് വൈദ്യുതികീരിക്കാൻ ഒരു പോസ്റ്റ് കൂടി സ്ഥാപിക്കേണ്ടതുണ്ട്. വൈദ്യുതി കണക്ഷൻ പോലും കിട്ടുന്നതിന് മുൻപുതന്നെ പോസ്റ്റ് സ്ഥാപിച്ച വകയിൽ ലക്ഷങ്ങളുടെ ബില്ലുകൾ മാറി നൽകിയത് അഴിമതിയാണ്
(സുരേഷ് കുമാർ, കർഷക മോർച്ച നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് )
.........................................
ചിറയിലേക്കുള്ള റോഡിന്റെ പ്രോജക്ട് പഞ്ചായത്തിൽ സമർപ്പിച്ചിട്ടുണ്ട്. അടുത്തുതന്നെ പണി തുടങ്ങുകയും വയ്യാങ്കര ടൂറിസം യാഥാർത്ഥ്യമാവുകയും ചെയ്യും
(വി. ഗീത, താമരക്കുളം പഞ്ചായത്ത് പ്രസിഡന്റ്)