ആലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേയിൽ അടിഞ്ഞിരിക്കുന്ന എക്കൽ നീക്കുന്നതിനുള്ള ഭരണാനുമതിയുടെ മറവിൽ ദിവസങ്ങളായി നടത്തുന്ന കരിമണൽ, കടൽമണൽ ഖനനം കാണാതെ സി.പി.ഐക്കും മന്ത്രി പി.തിലോത്തമനുമെതിരെ നിഴൽ യുദ്ധം നടത്തുന്ന സി.പി.എം ജില്ലാ സെക്രട്ടറിയുടെ നിലപാടിൽ ദുരൂഹതയുണ്ടെന്ന് എ.ഐ.വൈ.എഫ് ജില്ലാകമ്മിറ്റി ആരോപിച്ചു.
എം.എ.ബേബി ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ സി.പി.എം ഇതേ വിഷയത്തിൽ സ്വീകരിച്ച നിലപാടിൽ നിന്നു വൃത്യസ്തമായ നിലപാട് സ്വീകരിക്കാനുള്ള കാരണം ജനങ്ങളെ ബോദ്ധ്യപ്പെടുത്തണം. പൊഴിമുറിക്കൽ ആരംഭിച്ച് മൂന്നാഴ്ച കഴിഞ്ഞിട്ടും കുട്ടനാട്ടിൽ നിന്നു ഒരു തുള്ളി വെള്ളം പോലും കടലിലേക്ക് ഒഴുകിയിട്ടില്ല. പൊഴിമുഖം തുറക്കേണ്ടതിന് പകരം കടലിൽ നിന്നു കരിമണൽ ഡ്രഡ്ജ് ചെയ്ത് പൊഴിമുഖം അടയ്ക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. ഖനന പ്രശ്‌നത്തിൽ പ്രതിപക്ഷത്തായിരുന്നപ്പോഴും ഭരണപക്ഷത്തിരിക്കുമ്പോഴും ഡി.വൈ.എഫ്.ഐ വ്യത്യസ്ത നിലപാടാണ് സ്വീകരിക്കുന്നത്. കരിമണൽ ഖനനം പാടില്ല എന്നുള്ള ഉറച്ച നിലപാടാണ് എ.ഐ.വൈ.എഫിനുള്ളത്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് മന്ത്രി ജി.സുധാകരന്റെയും ഡി.വൈ.എഫ്.ഐയുടെയും നിലപാട് എന്തായിരുന്നു എന്ന് സ്വയം പരിശോധിക്കുന്നതും നല്ലതാണെന്ന് ജില്ലാ പ്രസിഡന്റ് സി.എ.അരുൺകുമാറും സെക്രട്ടറി ടി.ടി.ജിസ്‌മോനും പ്രസ്താവനയിൽ പറഞ്ഞു.