സസ്പെൻഡഡ് കാപ്പി, കാരുണ്യത്തിന്റെ പുതിയ മുഖം
പൂച്ചാക്കൽ: ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുന്ന നമ്മിലെത്രപേർ ഒരു ചായ കുടിക്കാൻ വകയില്ലാതെ കഴിയുന്നവർ ചുറ്റിലുമുണ്ടെന്ന് ചിന്തിക്കുന്നുണ്ട്. അത്തരമൊരു കരുതലിന്റെ ചിന്തയിൽ നിന്ന് ഉദിച്ച ആശയമാണ് 'സസ്പെൻഡഡ് കോഫി'. വിദേശങ്ങളിൽ പ്രചാരത്തിലുള്ള ഈ സമ്പ്രദായം ഇതാ അരൂക്കുറ്റി വടുതലയിൽ തുടക്കമാകുകയാണ്.
വടുതലയിലെ അബാബി, അടയാടൻസിലും സസ്പെൻഡഡ് കോഫി ഇന്ന് മുതൽ റെഡി.
മുജാഹിദ് യുവജന വിഭാഗമായ ഐ.എസ്.എം നദ് വത്ത് നഗർ മണ്ഡലം കമ്മിറ്റിയാണ് തികച്ചും നൂതനമായ പദ്ധതിയുമായി മുന്നോട്ടു വന്നിട്ടുള്ളത്. സസ്പെൻഡഡ് കോഫിയെന്നാൽ കോഫി മാത്രമല്ല. മറ്റു ഭക്ഷണസാധനങ്ങളും ലഭിക്കും.
.................
സസ്പെൻഡഡ് കോഫി
ഹോട്ടലിൽ വരുന്നവർ ഭക്ഷണം കഴിച്ചശേഷം ഒന്നോ രണ്ടോപേർക്കുള്ള ഭക്ഷണത്തിനുള്ള തുക കൂടി ബില്ലിൽ കൂടുതലായി നൽകുന്നു.
അതായത് ഭക്ഷണം അഥവാ കോഫി തത്കാലം സസ്പെൻഡ് ചെയ്യുന്നുവെന്ന് പറയാം. പണം കൈയിലില്ലാത്തവർക്ക്
സസ്പെൻഡു ചെയ്തിരിക്കുന്ന ഭക്ഷണം കഴിക്കാം. ഈ സംവിധാനമുള്ള കടകളുടെ മുമ്പിൽ പ്രത്യേകം ബോർഡ് പ്രദർശിപ്പിക്കും. ആർക്കും സാധാരണ പോലെ, ഓർഡർ നൽകി ഭക്ഷണം കഴിക്കാം. ഭക്ഷണം കഴിക്കാൻ നിവൃത്തിയില്ലാത്തവർക്ക് അഭിമാനത്തോടെ തന്നെ ആഹാരം കഴിക്കാനുള്ള അവസരമാണ് കിട്ടുന്നത്.
..............................
"
ഈ ആശയം രൂപപ്പെട്ടപ്പോൾ തന്നെ ആവേശകരമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഷുക്കൂർ സ്വലാഹി പറയുന്നു. സാമ്പത്തികമായി സഹായിക്കാൻ എല്ലാവർക്കും കഴിയണമെന്നില്ല.എന്നാൽ നമ്മൾ ചായ കുടിക്കുമ്പോൾ മറ്റൊരാൾക്ക് ഒരു ചായ വാങ്ങി കൊടുക്കുവാൻ, വിശപ്പകറ്റാൻ അല്ലെങ്കിൽ രണ്ടു ദോശവാങ്ങി കൊടുക്കുവാൻ സാധിച്ചെന്നിരിക്കും. അത് ചെയ്യുന്നതിനുള്ള ഒരു അവസരമാണിത്.
ഷുക്കൂർ സ്വലാഹി, ഐ.എസ്.എം സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി
..........................................
കോഫി വന്ന വഴി
ഷുക്കൂർ കുറച്ച് നാൾ മുൻപ് ദുബായിയിലെ ഒരു ഹോട്ടലിൽ കയറിയപ്പോഴാണ് സസ്പെൻഡഡ് കോഫി എന്ന സംവിധാനത്തെക്കുറിച്ച് അറിയുന്നത്. ഇത് നമ്മുടെ നാട്ടിലും നടപ്പാക്കിയാലെന്ത് എന്ന ആശയം അങ്ങനെയാണ് മനസിലുദിച്ചത്. അതിന്റെ തുടക്കമായാണ് സസ്പെൻഡഡ് കോഫി തുടങ്ങുന്നത്. നമ്മൾ കൊടുക്കുന്നത് മറു കരമറിയരുത് ,മറു ചെവി അറിയരുത് എന്ന് കരുതുന്നവർക്ക് ഇതിൽ പങ്കാളികളാകാം. പങ്കുവയ്ക്കാം, വിശപ്പകറ്റാം എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി സംസ്ഥാനമൊട്ടാകെ നടപ്പിലാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. തങ്ങൾക്ക് വിശ്വാസമുള്ള കടകളെയാണ് ചുമതലപ്പെടുത്തുന്നത്. സംഘടനയുടെ മേൽനോട്ടവും പദ്ധതിയുടെ പ്രവർത്തനത്തിലുണ്ടാകും. പദ്ധതി തുടക്കത്തിൽ നടപ്പാക്കുന്നതിന് ആവശ്യമായ പ്രാരംഭ ഫണ്ട് ഇരു ഹോട്ടലുകളിലും നൽകിയിട്ടുണ്ട്. സംഘടനയുടെ ചാരിറ്റി ഫണ്ടിൽ നിന്നാണ് ഇതിനുള്ള തുക കണ്ടെത്തിയത്.