a

മാവേലിക്കര: കൊവിഡിനെ തുടർന്ന് ശിഷ്യഗണങ്ങൾ വീടുകളിലായതോടെ അവരെ തേടി ഇറങ്ങിയിരിക്കുകയാണ് സുഗതൻ മാഷ്. പകർച്ചവ്യാധിയെപ്പറ്റി കണ്ടും കേട്ടും പഴകിയ ഉപദേശങ്ങൾ പങ്കുവയ്ക്കുക മാത്രമല്ല ലക്ഷ്യം, ഓൺലൈൻ പഠനത്തിന് ശേഷിയില്ലാത്ത ആരൊക്കെയുണ്ടെന്ന് കണ്ടെത്തി അവർക്ക് പാഠ്യപ്രവർത്തനങ്ങൾ പറഞ്ഞുകൊടുക്കുകയെന്ന ലക്ഷ്യം കൂടിയുണ്ട് ഈ സന്ദർശനത്തിന്.

താമരക്കുളം വി.വി.എച്ച്.എസ്.എസിലെ പ്രൈമറി വിഭാഗം അദ്ധ്യാപകനാണ് സുഗതൻ മാഷ്. തന്റെ ക്‌ളാസിലെ നാല്പതോളം കുട്ടികളുടെ വീടുകളിലാണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാഷ് സന്ദർശനം നടത്തിയത്. സ്കൂളിൽ ഓൺലൈൻ പഠനം തുടങ്ങിയെങ്കിലും തന്റെ ക്ലാസിലെ 15 പേർക്ക് മാത്രമാണ് ഇന്റർനെറ്റ്‌ സൗകര്യമുള്ള ഫോണുകൾ ഉള്ളതെന്ന് മാഷിന് ബോദ്ധ്യപ്പെട്ടു. 25 കുട്ടികൾ ക്ളാസിൽ പങ്കെടുക്കുനാവാത്ത നിസഹായാവസ്ഥയിലാണെന്നും മനസിലായി. ഈ കുട്ടികൾക്ക് പഠനം തുടരാനുള്ള മാർഗങ്ങൾ ആവിഷ്കരിക്കാനുള്ള പരിശ്രമങ്ങളിലാണ് മാഷ്.

മാസ്ക്, സാനിട്ടൈസർ, പച്ചക്കറി വിത്തുകളുടെ വിതരണം, കൃഷിപരിപാലിക്കേണ്ട രീതികൾ തുടങ്ങിയവ അടങ്ങുന്ന ലഘുലേഖ എന്നിവയുടെ വിതരണവും സന്ദർശനത്തിന്റെ ഭാഗമാണ്. ഊർജ സംരക്ഷണത്തിന്റെ ബോധവത്കരണ ബ്രോഷറും നൽകുന്നുണ്ട്. കൂടാതെ പഠനത്തിന് സഹായകരമായി ഓരോ ഡിക്ഷ്നറിയും നോട്ട് ബുക്കുകളും ഓരോരുത്തർക്കും നൽകി.

എസ്.എസ്.എൽ.സി പരീക്ഷയ്ക്കെത്തിയ, സ്കൂളിലെ നാനൂറോളം കുട്ടികൾക്ക് മാസ്ക് വിതരണം ചെയ്തിരുന്നു. പരിസ്ഥിതി പ്രവർത്തകൻ കൂടിയായ ഇദ്ദേഹത്തിന് കഴിഞ്ഞ വർഷത്തെ വനമിത്ര അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അദ്ധ്യാപക അവാർഡ് ജേതാവ് കൂടിയാണ് സുഗതൻ മാഷ്. ക്ലാസിലെ കുട്ടികളുടെ വീടുകൾ സന്ദർശിക്കാനിറങ്ങിയ മാഷിനൊപ്പം പി.ടി.എ പ്രസിഡന്റ് എം.എസ്. സലാമത്ത്, സീനിയർ അദ്ധ്യാപിക സഫീന ബീവി, പി.ടി.എ സെക്രട്ടറി സജി കെ.വർഗീസ്, പൊതുപ്രവർത്തകനായ ഫസൽ അലിഖാൻ തുടങ്ങിയവരും ഉണ്ടായിരുന്നു.