a

മാവേലിക്കര : അര നൂറ്റാണ്ടിന്റെ പാരമ്പര്യമുണ്ടെങ്കിലും ഇപ്പോൾ പ്രതിസന്ധികൾക്കിടയിലൂടെയാണ് കുളത്തി കാരാഴ്മയ്ക്ക് അക്ഷരവെളിച്ചം പകർന്ന വിവേകോദയം ഗ്രന്ഥശാല കടന്നു പോകുന്നത്. പ്രവർത്തനം മന്ദീഭവിച്ചപ്പോൾ ലൈബ്രറി കൗൺസിലിൽ നിന്നുള്ള തരംതാഴ്ത്തലുമുണ്ടായി. ഇപ്പോൾ ഓൺലൈൻ ക്ളാസുകൾക്ക് പ്രദേശത്തെ വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടത്തക്ക വിധത്തിൽ വായനശാലയെ സജ്ജമാക്കാനുള്ള ശ്രമത്തിലാണ് ഗ്രാമവാസികൾ. ഇതിന് ടിവി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണം. അക്ഷരത്തെ സ്നേഹിക്കുന്നവരുടെ സഹായത്തിലാണ് പ്രതീക്ഷ.

ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവായ പി.എൻ പണിക്കർ കേരളത്തിലങ്ങോളമിങ്ങോളം ഗ്രന്ഥശാലകൾ സ്ഥാപിച്ച കാലഘട്ടത്തിൽ തന്നെയാണ് വിവേകോദയം വായനശാലയുടെയും ഗ്രന്ഥശാലയുടെയും പിറവി. തുടക്കത്തിൽ ഓലഷെഡിലും പിന്നീട് സർക്കാർ സ്കൂളിലെ പ്രഥമാദ്ധ്യാപകനായിരുന്ന ഭാസ്കരൻ നായരുടെ കെട്ടിടത്തിലും പ്രവർത്തിച്ച ഗ്രന്ഥശാലക്ക് എൺപതുകളുടെ തുടക്കത്തിലാണ് സ്വന്തമായി കെട്ടിടമുണ്ടായത്.ആ കാലഘട്ടത്തിൽ ഗ്രാമാന്തരീക്ഷത്തിൽ പ്രതാപത്തോടെ തലയെടുത്ത് നിന്ന ഗ്രന്ഥശാലയുടെ പ്രവർത്തനം കാലാന്തരത്തിൽ പിന്നോട്ടുപോയി. സമീപമുള്ള മറ്റ് ഗ്രന്ഥശാലകളാകട്ടെ മികച്ച രീതിയിൽ മുന്നേറുകയും ചെയ്തു.

സമീപകാലത്താണ് ഗ്രന്ഥശാലയുടെ മോശം പ്രകടനം കാരണം ലൈബ്രറി കൗൺസിൽ തരംത്താഴ്തിയവയുടെ ലിസ്റ്റിൽ ഇടം പിടിച്ചത്. ഇതോടെ ലൈബ്രറി കൗൺസിൽ നിന്ന് വലിയ സഹായം പ്രതീക്ഷിക്കാനുമില്ല. എങ്കിലും കൂട്ടായ പ്രവർത്തനത്തിലൂടെ വിവേകോദയം ഗ്രന്ഥശാലക്ക് പുതിയ ഉദയം നൽകാനാകുമെന്ന പ്രതീക്ഷയിലാണ് ഗ്രാമവാസികൾ.