കൊവിഡിനു പിന്നാലെ ട്രോളിംഗ് നിരോധനം
തുറവൂർ: ട്രോളിംഗ് നിരോധനത്തെ തുടർന്ന് ചെമ്മീൻ പീലിംഗ് ഷെഡുകൾ നിശ്ചലമായതോടെ ആയിരക്കണക്കിന് തൊഴിലാളികൾ വറുതിയിലേക്ക്.
കൊവിഡിന്റെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തിൽ രണ്ട് മാസത്തോളം ഷെഡുകൾ അടഞ്ഞുകിടന്നപ്പോഴുണ്ടായ പട്ടിണി വിട്ടുമാറും മുൻപേ എത്തിയ ട്രോളിംഗ് നിരോധനം ഇരുട്ടടിയായി. സംസ്ഥാനത്തുതന്നെ എറ്റവുമധികം പീലിംഗ് ഷെഡുകൾ പ്രവർത്തിക്കുന്നത് ചേർത്തല താലൂക്കിലാണ്; 450 എണ്ണം. ചെമ്മീൻ പീലിംഗിന്റെ 90 ശതമാനവും ഇവിടെയാണ് നടക്കുന്നത്. സ്ത്രീകളാണ് തൊഴിലാളികളിൽ ഭൂരിഭാഗവും.
കേരള തീരത്തു നിന്നു ലഭിക്കുന്ന തുച്ഛമായ ചെമ്മീനും ആന്ധ്രയിൽ നിന്നെത്തുന്ന വനാമി ചെമ്മീനുമാണ് പീലിംഗിന് ഷെഡുകളിൽ എത്തുന്നത്. ട്രോളിംഗ് നിരോധനത്തോടെ ചെമ്മീൻ വരവ് നിലച്ചതിനാൽ കുടുംബം പട്ടിണിയാകുമെന്നാണ് തൊഴിലാളികൾ പറയുന്നത്. ദിവസം ശരാശരി ഒന്നര ടൺ വരെ ചെമ്മീനാണ് ഓരോ ഷെഡിലും പൊളിച്ചിരുന്നത്. ഒരു തൊഴിലാളിക്ക് 300 മുതൽ 400 രൂപ വരെ കൂലി ലഭിക്കും. പണിക്കനുസരിച്ചു കൂലി ലഭിക്കുമെന്നല്ലാതെ മറ്റ് യാതൊരു ആനുകൂല്യവും വൃത്തിഹീനമായ സാഹചര്യത്തിൽ പകലന്തിയോളം കുത്തിയിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾക്ക് ലഭിക്കാറില്ല. ട്രോളിംഗ് നിരോധന കാലത്ത് സർക്കാർ പ്രഖ്യാപിക്കുന്ന സൗജന്യ റേഷൻ മാത്രമാണ് പട്ടിണി മാറ്റാൻ ഏക വഴി.
..................................
ഒരു ഷെഡിൽ പൊളിക്കുന്നത് ഒന്നര ടൺ വരെ
കൂലി 300-400 രൂപ
തൊഴിലാളികൾ 25,000-28,000
.................................
# പൊന്നുവിളയുന്ന മേഖല
ഇന്ത്യയ്ക്ക് പ്രതിവർഷം 60,000 കോടി രൂപയുടെ വിദേശനാണ്യം നേടിത്തരുന്ന മത്സ്യ കയറ്റുമതി വ്യവസായത്തിന്റെ നട്ടെല്ലാണ് പീലിംഗ് മേഖല. അസംഘടിതരായ പീലിംംഗ് തൊഴിലാളികൾക്ക് ആശ്വാസമായി ട്രോളിംഗ് നിരോധന കാലത്ത് സർക്കാർ സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യം ഇതുവരെ നടപ്പായിട്ടില്ല. മത്സ്യ-ചെമ്മീൻ സംസ്കരണ, കയറ്റുമതി സ്ഥാപനങ്ങളുടെ ഈറ്റില്ലമായി അറിയപ്പെടുന്ന അരൂരിൽ നിരവധി ചെമ്മീൻ - മത്സ്യ കയറ്റുമതി സ്ഥാപനങ്ങളിൽ ഉൾപ്പെടെ അന്യസംസ്ഥാനക്കാരടക്കം പതിനായിരക്കണക്കിന് പേരാണ് പണിയെടുക്കുന്നത്.