ചേർത്തല: പൂർവ വൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ നഗരസഭ ആറാം വാർഡിൽ ചുങ്കത്തുചിറ അനന്തകൃഷ്ണൻ (22), എട്ടാം വാർഡിൽ പുതുവെളി ഉണ്ണിക്കുട്ടൻ (21), തണ്ണീർമുക്കം പഞ്ചായത്ത് ഒന്നാം വാർഡിൽ പുതുവെളി എബി (21) എന്നിവരെ ചേർത്തല എസ്.ഐ എം. ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിൽ അറസ്​റ്റ് ചെയ്തു. തണ്ണീർമുക്കം പഞ്ചായത്ത് 22-ാം വാർഡിൽ അജിത്ത് ഭവനത്തിൽ അജിത്ത്കുമാറിനെ കാളികുളം കവലയ്ക്ക് വടക്ക് ഭാഗത്തെ ഗ്രൗണ്ടിന് സമീപം കഴിഞ്ഞ ദിവസം രാത്രിയാണ് സംഘം ആക്രമിച്ചത്. തലയ്ക്ക് വടികൊണ്ട് അടിയേ​റ്റ അജിത്ത് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നും പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.