ഒറ്റ ദിവസം കുറഞ്ഞത് കിലോഗ്രാമിന് 20രൂപ
ആലപ്പുഴ : കൊവിഡ് വ്യാപനത്തെ തുടർന്ന് ഇറച്ചിക്കോഴിക്ക് ഏർപ്പെടുത്തിയിരുന്ന വില ഏകീകരണം എടുത്ത മാറ്റിയതോടെ ചെറുകിട കോഴി ഇറച്ചി ശാലകൾ വീണ്ടും സജീവമായി. ഫാം ഉടമകളുടെ സമ്മർദ്ദത്തെ തുടർന്നായിരുന്നു മുൻ ജില്ലാകളക്ടർ വില നിയന്ത്രണം ഏർപ്പെടുത്തിയത്. ലൈവ് കോഴിക്ക് 90 രൂപയിൽ നിന്ന് 140രൂപയായും മീറ്റിന് 110രൂപയിൽ നിന്ന് 230രൂപയായും വർദ്ധിപ്പിച്ചാണ് വില ഏകീകരിച്ചത്. സ്റ്റോക്ക് കുറവാണെന്ന് പറഞ്ഞാണ് ഫാം ഉടമകളും ഏജന്റുമാരും വിലവർദ്ധിപ്പിക്കുന്നതിന് സമ്മർദ്ദം ചെലുത്തിയത്. ഇതോടെ ചെറുകിട ചിക്കൻ വില്പനശാലകളിൽ കച്ചവടം കുത്തനേ ഇടിഞ്ഞു.
തീരുമാനത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ മൂന്ന് ദിവസം ചെറുകിട കോഴി ഇറച്ചി വ്യാപാരശാലകൾ അടച്ചിട്ടിരുന്നു. ആലപ്പുഴ ചിക്കൻ മർച്ചന്റ് അസോസിയേഷൻ ഇപ്പോഴത്തെ കളക്ടർക്ക് നൽകിയ നിവേദനത്തെ തുടർന്ന് മുൻ കളക്ടർ ഏർപ്പെടുത്തിയ വിലനിയന്ത്രണം മരവിപ്പിച്ചു . തുടർന്നാണ് ചെറുകിട കോഴി ഇറച്ചി വ്യാപാരശാലകൾ ഇന്നലെ മുതൽ തുറന്നത്. ഒറ്റ ദിവസം കൊണ്ട് മീറ്റിനും ലൈവിനും കിലോയ്ക്ക് 20രൂപയുടെ വിക്കുറവ് ഉണ്ടായത്. ഉപഭോക്താക്കൾക്ക് ആശ്വാസകരമായി.
സാധട്ടരണ ഉത്സവസീസൺ അല്ലാത്ത സമയങ്ങളിൽ വിലയിൽ 40 ശതമാനം വരെ കുറവുണ്ടാകാറുണ്ട്. എന്നാൽ വില ഏകീകരിച്ചതോടെ സീസൺ സമയത്തെ വില തന്നെ നൽകേണ്ടിവന്നു. ഇതോടെ ആലപ്പുഴ ചിക്കൻ മർച്ചന്റ്‌സ് അസോസിയേഷൻ 650കച്ചവട ശാലകളാണ് അടച്ചിട്ടത്. 2000തൊഴിലാളികളും ദുരിതത്തിലായി. തുടർന്ന് അസോസിയേഷൻ ഭാരവാഹികൾ കളക്ടർ എ.അലക്സാണ്ടറിന് നിർവേദനം നൽകി. ആലപ്പുഴ ചിക്കൻ മർച്ചന്റ്‌സ് അസോസിയേഷൻ, ആലപ്പി മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ, ആൾ കേരള പൗൾട്രി ഫെഡറേഷൻ എന്നിവരുമായി നടത്തിയ കൂടിയാലോചനയിലാണ് വില നിയന്ത്രണം നീക്കിയത്. കൊവിഡിനെ തുടർന്ന് ഹോട്ടലുകൾ അടച്ചു പൂട്ടിയതോടെ ഗാർഹിക ഉപഭോക്താക്കളുടെ കച്ചവടം മാത്രമാണ് ചെറുകിട കോഴി കച്ചവടക്കാർക്ക് ലഭിച്ചിരുന്നത്. ജില്ലയിൽ പ്രതിദിനം 3000കിലോ തൂക്കം വരുന്ന 70ലോഡ് കോഴിയാണ് ആവശ്യം. ഇതിന്റെ 70ശതമാനവും ജില്ലയിലെ ഫാമുകളിൽ ഉത്പാദിപ്പിക്കുന്നുണ്ട്. ശേഷിച്ച കോഴിയാണ് അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്നത്.
ജില്ലയിലെ ചെറുകിട കച്ചവട ശാലകൾ -650
തൊഴിലാളികൾ -2,000
പ്രതിദിനം വേണ്ട കോഴി-70ലോഡ് (ഒരു ലോഡ്-3,000കിലോ)
വില പറന്നുയർന്നത് ഇങ്ങനെ (കിലോഗ്രാമിന്)
ഒരു മാസം മുമ്പ്
ലൈവ്...... 90രൂപ
മീറ്റ്...........110രൂപ
ഒരാഴ്ച മുമ്പ്........
ലൈവ്...... 160 രൂപ
മീറ്റ്...........230രൂപ
ഇന്നലെ
ലൈവ്...... 140 രൂപ
മീറ്റ്...........210രൂപ
''നിയന്ത്രണം മാറ്റിയതോടെ ഇറച്ചിക്കോഴിയുടെ വില വരും ദിവസങ്ങളിൽ കുത്തനെകുറയും. ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ കോഴിനൽകാൻ കഴിയും.
കെ.എം.നസീർ, ജില്ലാ പ്രസിഡന്റ്, ആലപ്പുഴ
ചിക്കൻ മർച്ചന്റ്‌സ് അസോസിയേഷൻ