ആലപ്പുഴ: തോട്ടപ്പള്ളി പൊഴി ഉടൻ മുറിച്ച് കുട്ടനാട് അപ്പർ കുട്ടനാട് മേഖലയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹരിപ്പാട് മണ്ഡലത്തിൽ സി.പി.ഐ പ്രവർത്തകർ ഇന്ന് പ്രാദേശിക പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിക്കും. പൊഴിമുറിക്കലിന്റെ പേരിൽ തോട്ടപ്പള്ളി പൊഴിമുഖത്ത് കരിമണൽ ഖനനവും കടൽമണൽ ഖനനവുമാണ് നടക്കുന്നതെന്ന് മണ്ഡലം സെക്രട്ടറി കെ.കാർത്തികേയൻ പറഞ്ഞു. ഫലത്തിൽ പൊഴിമുറിയാതിരിക്കുവാനുള്ള ജോലികളാണ് പൊഴിമുഖത്ത് നടത്തുന്നത്. ആഴ്ചകളായി കുട്ടനാടിന്റെയും അപ്പർ കുട്ടനാട്ടിന്റെയും പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി തോട്ടപ്പള്ളി ലീഡിംഗ് ചാനലിലെ മണൽ യുദ്ധകാല വേഗതയിൽ നീക്കം ചെയ്യണം. ലീഡിംഗ് ചാനലിൽ നിന്നും നീക്കം ചെയ്യുന്ന മണൽ കുട്ടനാട്ടിലേയും അപ്പർ കുട്ടനാട്ടിലേയും പാടശേഖരങ്ങളുടെ സംരക്ഷണത്തിനും പൊഴിമുഖത്ത് നിന്നും നീക്കം ചെയ്യുന്ന മണൽ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ കടലാക്രമണ പ്രതിരോധ പ്രവർത്തനങ്ങൾക്കും വിനിയോഗിക്കണമെന്ന് കാർത്തികേയൻ ആവശ്യപ്പെട്ടു.