ആലപ്പുഴ: ബൈപ്പാസിൽ വലിയകുളം-കുതിരപ്പന്തി റോഡിന്റെ നിർമ്മാണം നിർത്തിവച്ച സാഹചര്യത്തിൽ, നിർമ്മാണത്തിനായി ശേഖരിച്ച സാമഗ്രികൾ നീക്കി സഞ്ചാര യോഗ്യമാക്കണമെന്ന് എസ്.എൻ.ഡി.പി യോഗം കുതിരപ്പന്തി 398-ാം നമ്പർ ശാഖ ഭാരവാഹികളും കുതിരപ്പന്തി ടി.കെ.എം.എം യു.പി സ്കൂൾ മാനേജ്മെന്റും പ്രദേശവാസികളും ദേശീയപാത എക്സിക്യൂട്ടീവ് എൻജിനിയർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. സ്കൂളിന് സമീപം കലുങ്ക് നിർമ്മിച്ചെങ്കിലും സുരക്ഷക്ക് ആവശ്യമായ കൈവിരി നിർമ്മിച്ചിട്ടില്ല. അപകടാവസ്ഥ മനസിലാക്കി നിർമ്മാണം സ്കൂൾ തുറക്കുന്നതിന് മുമ്പ് പൂർത്തീകരിക്കണം. കുതിരപ്പന്തി ജംഗഷന് കിഴക്ക് ഭാഗത്ത് കാനയോ ചാലോ ഇല്ലാത്തതിനാൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ പ്രദേശവാസികൾ ദുരിതത്തിലാണ്. അപ്രോച്ച് റോഡ് കോൺക്രീറ്റ് ചെയ്യാതെ അലക്ഷ്യമായി കിടക്കുന്നു. മെറ്റൽ നിരത്താതെ റോഡിൽ കൂട്ടിയിട്ടിരിക്കുന്നതിനാൽ അപകടക്കെണിയാണ് സൃഷ്ടിക്കുന്നത്. അദ്ധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് റോഡ് സഞ്ചാരയോഗ്യമാക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ശാഖ സെക്രട്ടറി പി.കെ.ബൈജു നിവേദനത്തിൽ ആവശ്യപ്പെട്ടു.