ആലപ്പുഴ: സംസ്ഥാനത്തെ സ്‌കൂൾ കെട്ടിടങ്ങളുടെ ഓടിട്ട മേൽക്കൂരകൾ മാറ്റി അലുമിനിയം ഷീറ്റിടുന്നതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലെയും ക്ലാസ്സ്മുറികളിൽ ഫാനുകൾ സ്ഥാപിക്കണമെന്ന പരാതിയിലും കമ്മീഷൻ വിശദീകരണം തേടി. മാവേലിക്കര പുതിയകാവ് എൽ.പി സ്‌കൂളിന്റെയും കണ്ടിയൂർ എൽ.പി സ്‌കൂളിന്റെയും ഓട് മേഞ്ഞ മേൽക്കൂര മാറ്റി അലൂമിനിയം ഷീറ്റിട്ടതിന്റെ പശ്ചാത്തലത്തിലാണ് നടപടി. മാവേലിക്കര നഗരസഭാ സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ, വിദ്യാഭ്യാസ ഉപഡയറക്ടർ തുടങ്ങിയവരും ആലപ്പുഴ കളക്ടറും പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറലും പരാതി പരിശോധിച്ച് നാലാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് ആവശ്യപ്പെട്ടു.
കുട്ടികൾ ഷീറ്റിന് കീഴിലിരുന്ന് വിയർക്കുന്നതും അസ്വസ്ഥരാവുന്നതും പതിവാണെന്ന് മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ജി.സാമുവേൽ സമർപ്പിച്ച പരാതിയിൽ ചൂണ്ടിക്കാട്ടി.