അമ്പലപ്പുഴ : വീടുവിട്ടിറങ്ങി വാഹനാപകടത്തിൽപ്പെട്ട് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി കുട്ടൻപിള്ളയെ (59) തേടി ബന്ധുക്കളെത്തി.
അപസ്മാര രോഗത്തിനു ചികിത്സയിലായിരുന്ന കുട്ടൻപിള്ള ഒരാഴ്ച മുമ്പ് രാത്രി വീടുവിട്ടിറങ്ങിയപ്പോൾ വാഹനം ഇടിക്കുകയായിരുന്നു.കണ്ട് നിന്നവർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ബന്ധുക്കളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകുവാൻ കുട്ടൻപിള്ളക്കായില്ല.
ആശുപത്രിയിൽ ആരോരുമില്ലാത്തവർക്ക് പ്രഭാതഭക്ഷണം നൽകുവാനെത്തിയ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം യു. എം.കബീർ, പൊതുപ്രവർത്തകനായ നിസാർ വെള്ളാപ്പള്ളി എന്നിവർ കുട്ടൻപിള്ളയെ കാണുകയും നവമാദ്ധ്യമങ്ങളിലൂടെ വിവരം പങ്ക് വയ്ക്കുകയും ചെയ്തു. കുട്ടൻപിള്ളയെ കാണ്മാനിലെന്ന് ബന്ധുക്കൾ കരുനാഗപ്പള്ളി പൊലീസിൽ പരാതിയും നൽകി. നവമാധ്യമങ്ങളിലൂടെ വിവരമറിഞ്ഞ് സഹോദരൻ രാജീവൻ ആശുപത്രിയിൽ എത്തുകയായിരുന്നു. തുടർന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുവാൻ ബന്ധുക്കൾ തീരുമാനിച്ചു.കുട്ടൻപിള്ളയെ കൊണ്ട്പോകുവാൻ ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് സൊസൈറ്റിയുടെ ആംബുലൻസ് സൗജന്യമായി വിട്ടുനൽകി. യു. എം. കബീർ, നിസാർ വെള്ളാപ്പള്ളി,ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് സൊസൈറ്റി സെക്രട്ടറി കോട്ടയിൽ രാജു, സനാതനതീരം കോ ഓഡിനേറ്റർ ഷിഹാബുദീൻ മധുരിമ,നഴ്സുമാരായ സരസ്വതി,അശ്വതി,റെസിമോൾ,ഹാബിസ് .അക്ഷയഎന്നിവർ ചേർന്ന് കുട്ടൻപിള്ളയെയും സഹോദരനേയും യാത്രയാക്കി.