ചാരുംമൂട്: നൂറനാട് തണൽ സൗഹൃദ വാട്ട്സ് ആപ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ഓൺ ലൈൻ പഠനത്തിനായി ടെലിവിഷൻ നൽകി.നൂറനാട് ഗ്രാമപഞ്ചായത്തിലെ തത്തംമുന്ന വാർഡിലെ താമസക്കാരും പടനിലം എച്ച്.എസ്.എസിൽ പഠനം നടത്തുന്ന രണ്ടു വിദ്യാർത്ഥികളുമുൾപ്പെടുന്ന വീട്ടിലാണ് കൂട്ടായ്മ പ്രവർത്തകർ പുതിയ ടെലിവിഷൻ എത്തിച്ചു നൽകിയത്. പ്രദേശത്തെ അഞ്ചു കുടുംബങ്ങളിൽ ടെലിവിഷൻ നൽകുവാനാണ് കൂട്ടായ്മയുടെ തീരുമാനം. ഇവർക്കുള്ള കേബിൾ കണക്ഷൻ കേരളാ വിഷൻ സൗജന്യമായി നൽകും.ജില്ലാ പഞ്ചായത്ത് അംഗം വിശ്വൻ പടനിലം ടെലിവിഷൻ വിദ്യാർത്ഥികൾക്ക് കൈമാറി. പഞ്ചായത്തംഗം ജെ. സോബി അദ്ധ്യക്ഷത വഹിച്ചു. എ.എ.ഡബ്ല്യു.കെ സംസ്ഥാന ജോയിന്റ് സെക്രട്ടറി രാധാകൃഷ്ണൻ രാധാലയം, കൂട്ടായ്മ അഡ്മിൻമാരായ സന്തോഷ്കുമാർ ,ഗോഗുൽപടനിലം, വിപിൻ വിജയ്, അമൽ , അഖിൽരാജ്, സനൽ, ഗോപി പൗർണമി , റിജോ, വിപിൻദാസ് , അജീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.