ചാരുംമൂട്: താമരക്കുളം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കാർഷിക സഭയും, ഞാറ്റുവേലചന്തയും സംഘടിപ്പിച്ചു. കൃഷിഭവൻ മുഖേന നടപ്പിലാക്കുന്ന കാർഷിക പദ്ധതികളും ക്യഷി രീതികളും കർഷകർക്ക് നേരിട്ടറിയുന്നതിനായിട്ടാണ് കൃഷിഭവൻ അങ്കണത്തിൽ കർഷക സഭയും ഞാറ്റുവേലചന്തയും സംഘടിപ്പിച്ചത്. ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രോബാഗുകൾ, വിത്തുകൾ, വളങ്ങൾ, വിവിധയിനം തൈകൾ തുടങ്ങിയവയുടെ വിതരണവും എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഗീത അദ്ധ്യക്ഷത വഹിച്ചു. നടീൽ വസ്തുക്കൾ, ജൈവവളങ്ങൾ, വിത്തിനങ്ങൾ, ഫ്രൂട്ട് പ്ലാൻ്റുകൾ എന്നിവയുടെ വിതരണ ലഭ്യത ഉറപ്പാക്കും. ഞാറ്റുവേല ചന്തയിൽ വാഴവിത്ത്, കുരുമുളക് തൈ, കറിവേപ്പിൻ തൈ, എന്നിവ കർഷകർക്ക് സൗജന്യമായി വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തംഗം കെ.സുമ, വൈസ് പ്രസിഡന്റ് എ.എ.സലീം, ബ്ലോക്ക് അംഗങ്ങളായ എം.കെ.വിമലൻ, പി.പി.കോശി, ലീന, കൃഷി ഓഫീസർ എസ്.അഞ്ജന എന്നിവർ സംസാരിച്ചു.