ആലപ്പുഴ: ആദിക്കാട്ടുകുളങ്ങര വടക്ക്പടിഞ്ഞാറ്റതിൽ വീട്ടിൽ റജീനമോൾ കളക്ടറുടെ പരാതി പരിഹാര അദാലത്തിലെത്തിയത് കെ.ഐ.പി കനാൽ തുറന്നു കഴിഞ്ഞാൽ വീട് വെള്ളത്തിലാകുന്ന ദുഖം അറിയിക്കാനാണ്. കനാൽ വെള്ളം അനിയന്ത്രിതമായി കയറി വീടിന്റെ അടിത്തറ തകരുകയും കൃഷി നശിക്കുകയും ചെയ്യുന്നു എന്നാണ് പരാതി. കെ.ഐ.പി കനാലിന്റെ അരിക് സംരക്ഷണവുമായി ബന്ധപ്പെട്ട് അടിയന്തര ശ്രദ്ധ വേണമെന്ന് കണ്ടതിനെത്തുടർന്ന് ജില്ല കളക്ടർ എ. അലക്സാണ്ടർ കനാലിന്റെ സമീപത്തുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും കെ.ഐ.പി കനാൽ ചുമതലയുള്ള ഉദ്യോഗസ്ഥരുടെയും അടിയന്തിര യോഗം വിളിക്കാൻ നിർദ്ദേശം നൽകി.
സ്വകാര്യ ലാബിൽ രക്ത പരിശോധന നടത്തിയപ്പോൾ പരിശോധനാഫലം എച്ച്.ഐ.വി പോസിറ്റീവ് എന്ന് തെറ്റായി കാണിച്ചുവെന്ന പരാതിയുമായി ചുനക്കര സ്വദേശിയുടെ പരാതി കളക്ടർ പരിഗണിച്ചു. ലാബിൽ നിന്ന് എച്ച്‌ഐവി പോസിറ്റീവ് റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് തൻറെ ജീവിതം താളംതെറ്റിയതായി അദേഹം പറഞ്ഞു. ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചു. പുറത്തുള്ള മൂന്നു ലാബുകളിൽ പരിശോധിച്ചപ്പോൾ എച്ച്‌ഐവി പോസിറ്റീവ് അല്ല എന്ന് കണ്ടെത്തിയതായി ഇദ്ദേഹം ചൂണ്ടിക്കാട്ടി. ലാബുകാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയത്. പരാതി ജില്ലാ മെഡിക്കൽ ഓഫീസർക്ക് നേരത്തെ കൈമാറിയിട്ടുണ്ടെന്നും അവരുടെ റിപ്പോർട്ട് ലഭിച്ച ശേഷം വിവരം നൽകാമെന്നും ജില്ലാ കളക്ടർ ഉറപ്പുുനൽകി.
മാവേലിക്കര നഗരസഭയിൽ നിന്ന് സാനിട്ടേഷൻ വർക്കർ ആയി വിരമിച്ചയാളുടെ കുടുംബപെൻഷൻ ആവശ്യപ്പെട്ടാണ് രത്‌നമ്മ കളക്ടർക്ക് പരാതി നൽകിയത്. പരാതി പരിഗണിച്ച കളക്ടർ ഫാമിലി പെൻഷൻ പ്രശ്‌നങ്ങൾ തീർത്ത് ഒരാഴ്ചയ്ക്കകം നൽകുന്നതിന് നടപടി സ്വീകരിക്കാൻ നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. കറ്റാനം സ്വദേശിയായ ജോണിൻറെ കർഷക പെൻഷൻ 2012 മുതൽ ലഭിക്കുന്നില്ലെന്ന പരാതിയിലും ബന്ധപ്പെട്ട കൃഷി ഓഫീസർ നടപടി സ്വീകരിച്ച് വേഗത്തിൽ പെൻഷൻ ലഭ്യമാക്കാമെന്ന് ഉറപ്പ് നൽകി.
രാവിലെ 10ന് ആരംഭിച്ച അദാലത്ത് ഉച്ചയ്ക്ക് 2.30 വരെ നീണ്ടു.