ആലപ്പുഴ ബീച്ചിൽ സഞ്ചാരികളുടെ വരവ് കൂടി
ആലപ്പുഴ : ലോക്ക് ഡൗൺ നിയന്ത്രണം കാറ്റിൽ പറത്തി സഞ്ചാരികൾ ആലപ്പുഴ ബീച്ചിലേക്ക് എത്തുമ്പോൾ ആശങ്കയോടെ അവരെ നിയന്ത്രിക്കുകയാണ് ലൈഫ് ഗാർഡുകൾ. സാമൂഹിക അകലം പാലിച്ച് സഞ്ചാരികളെ നിറുത്താൻ ഇവർ പെടാപ്പാട് പെടുന്നു. ഒപ്പം സ്വന്തം സുരക്ഷയും നോക്കണം. ആവശ്യത്തിന് ലൈഫ് ഗാർഡുമാരില്ലാത്തതും പ്രതിസന്ധിയാണ്.
നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ പ്രതിദിനം നൂറ് കണക്കിന് സ്വദേശി, വിദേശി സഞ്ചാരികളാണ് ആലപ്പുഴ ബീച്ചിലെത്തുന്നത്. ഒരു കിലോമീറ്റർ ദൈർഘ്യമുള്ള ആലപ്പുഴ ബീച്ചിൽ രണ്ട് ഷിഫ്റ്റുകളിലായി 10 ലൈഫ് ഗാർഡുകളാണ് ജോലി നോക്കുന്നത്. കാലവർഷം ശക്തി പ്രാപിച്ചതോടെ അപകടസാദ്ധ്യതയും കൂടുതലാണ്. കൂടുതൽ ലൈഫ് ഗാർഡുകളെ നിയമിക്കുമെന്ന് അധികൃതർ നേരത്തേ പറഞ്ഞിരുന്നെങ്കിലും അത് പ്രാവർത്തികമായിട്ടില്ല. ശമ്പളം കുറവായതിനാൽ ലൈഫ് ഗാർഡ് ജോലിക്ക് ആളെകിട്ടാനുമില്ല. ബീച്ചിൽ എത്തുന്നവരുടെ എണ്ണത്തിലുള്ള വർദ്ധനവ് സാമൂഹിക വ്യാപനത്തിന് വഴിയൊരുക്കാനുള്ള സാദ്ധ്യത കൂടുതലാണ്. വൈകിട്ടാണ് കൂടുതൽ സന്ദർശകർ എത്തുന്നത്. ഉച്ച സമയങ്ങളിൽ യുവാക്കളും യുവതികളും എത്തുന്നുണ്ട്. പൊലീസ് ഓടിച്ചാലും ഇത്തരക്കാരുടെ എണ്ണം ഓരോദിവസം കഴിയും തോറും വർദ്ധിച്ചു വരികയാണ്.
ലൈഫ് ഗാർഡുകൾ
ബീച്ചിൽ അപകടത്തിൽപ്പെടുന്നവരെ രക്ഷിക്കുകയാണ് ലൈഫ് ഗാർഡുകളുടെ പ്രധാന ദൗത്യം. കടലിൽ കുളിക്കുമ്പോഴും അപ്രതീക്ഷിതമായി കടലിൽ വേലിയേറ്റം ഉണ്ടാകുമ്പോഴുമാണ് സഞ്ചാരികൾ അപകടത്തിൽപ്പെടുന്നത്. തിരമാലയിൽപ്പെടുന്നവരെ രക്ഷിക്കാൻ നീന്തൽ അറിയാവുന്ന മത്സ്യതൊഴിലാളികളെയാണ് ലൈഫ് ഗാർഡുമാരായി നിയമിക്കുന്നത്.
ആലപ്പുഴ ബീച്ച്
ദൈർഘ്യം ഒരുകിലോമീറ്റർ
ലൈഫ് ഗാർഡുകൾ -10
ടൂറിസം ഗാർഡുകൾ-3
700
ലൈഫ് ഗാർഡുകളുടെ വേതനം : പ്രതിദിനം 700രൂപ