photo

ചേർത്തല:രാത്രിയുടെ മറവിൽ മാരാരിക്കുളത്ത് മത്സ്യകൃഷിയിടത്തിൽ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. രണ്ട് ലക്ഷത്തോളം രൂപയുടെ മത്സ്യം ചത്തു.മാരാരിക്കുളം വടക്ക് പഞ്ചായത്ത് 15-ാംവാർഡ് തെക്കേ വെളുത്തശ്ശേരി ചന്ദ്രബാബുവിന്റെ മത്സ്യ കൃഷിയാണ് നശിപ്പിച്ചത്. വീടിനോട് ചേർന്ന് തന്നെയുള്ള സ്ഥലത്ത് ബയോ ഫ്‌ളോക്ക് മത്സ്യകൃഷിയാണ് നടത്തിയിരുന്നത്. മത്സ്യ ടാങ്കിൽ ഓക്‌സിജൻ നൽകിയിരുന്ന എയർ പാമ്പിന്റെ കണക്ഷൻ രാത്രിയിൽ വിച്ഛേദിച്ചു.പകുതിയിലധികം വളർച്ചയെത്തിയ 2500 ഗിഫ്റ്റ് തിലോപ്പിയ ഇനത്തിൽപ്പെട്ട മത്സ്യങ്ങളാണ് ചത്തത്.8.50 രൂപ നിരക്കിൽ വല്ലാർപാടത്ത് നിന്നുമാണ് മത്സ്യകുഞ്ഞുങ്ങളെ വാങ്ങിയത്. ബുധനാഴ്ച രാത്രി 12 ന് ശേഷമാണ് സാമൂഹ്യവിരുദ്ധർ ആക്രമണം നടത്തിയത്.ഈ സമയത്ത് ശക്തമായി പട്ടി കുരച്ചതായി വീട്ടുകാർ പറയുന്നുണ്ട്.മത്സ്യം കൂട്ടമായി ചത്തു കിടക്കുന്നത് ആരുടെയും കരളലിയിപ്പിക്കുന്ന കാഴ്ചയാണ്.ഫാം ഉൾപ്പെടെ രണ്ട് ലക്ഷത്തിലധികം രൂപ ചെലവിട്ടാണ് മത്സ്യകൃഷി ആരംഭിച്ചത്. ഇതോടൊപ്പം ഇതിന്റെ വേസ്​റ്റും വെള്ളവും ഉപയോഗിച്ച് വിപുലമായ രീതിയിൽ പച്ചക്കറി കൃഷിയും നടത്തിയിരുന്നു. മാരാരിക്കുളം പൊലീസ് കേസെടുത്തു.