teacher

ആലപ്പുഴ: സർക്കാർ ഉത്തരവിലെ ഒരു ഉപാധി കാരണം സ്ഥിര ശമ്പളമില്ലാതെ ജോലിചെയ്യേണ്ട ഗതികേടിലാണ് സംസ്ഥാനത്തെ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിലെ 250 അദ്ധ്യാപകർ. ഒരു ബാച്ചിൽ കുറഞ്ഞത് 50 കുട്ടികൾ വേണമെന്ന 2014ലെ ഉത്തരവാണ് വിനയായത്. 2014 മുതൽ 2016 വരെ പുതുതായി അനുവദിച്ച ഹയർ സെക്കൻഡറി സ്കൂളുകളിലെ അദ്ധ്യാപകരാണ് നിയമനാംഗീകാരം ലഭിക്കാതെ വലയുന്നത്.

ഗസ്റ്റ് അദ്ധ്യാപക തസ്തികയിൽ നിലനിറുത്തിയിരിക്കുന്ന ഇവർക്ക് 1400 രൂപയാണ് ദിവസവേതനമെങ്കിലും കഴിഞ്ഞ വർഷത്തെ വേതനം ഇതുവരെ ലഭിച്ചിട്ടില്ല.

ജൂനിയർ അദ്ധ്യാപകർക്ക് ആഴ്ചയിൽ പരമാവധി മൂന്ന് ദിവസമാണ് ഡ്യൂട്ടി ലഭിക്കുക. ദൂരെ സ്ഥലങ്ങളിൽ നിന്നു യാത്രക്കൂലി മുടക്കി എത്തുന്ന പലരും ഒഴിവു ദിനങ്ങളിൽ മറ്റ് ജോലികൾ ചെയ്താണ് കുടുംബം പുലർത്തുന്നത്. നിലവിലെ ഓൺലൈൻ ക്ലാസുകളിലും ഇവർ സജീവമാണ്.

ബിരുദാനന്തര ബിരുദം, ബിഎഡ്, സെറ്റ്, നെറ്റ്, എം ഫിൽ, പി എച്ച് ഡി യോഗ്യതകൾ ഉള്ളവർക്കാണ് ഈ ഗതികേട്. ആദ്യ വർഷം ക്ലാസ് വൈകി ആരംഭിച്ചതിനാൽ ചില ബാച്ചുകളിൽ ഒന്നോ രണ്ടോ കുട്ടികളുടെ കുറവുണ്ടായി. ഒരു കുട്ടിയുടെ കുറവിന്റെ അടിസ്ഥാനത്തിൽപോലും നിയമന അംഗീകാരം നിഷേധിക്കുകയായിരുന്നു. ഒരു സ്ഥിരം അദ്ധ്യാപകൻ പോലും ഇല്ലാത്ത 18 സ്കൂളുകൾ കൂട്ടത്തിലുണ്ട്. ഭൂരിപക്ഷം അദ്ധ്യാപകരും പ്രായപരിധി കഴിയാറായവരാണ്. തസ്തിക നിർണയം നടത്തി നിയമനം ലഭിച്ചില്ലെങ്കിൽ ഇവർ ജോലി ഇല്ലാതെ സ്കൂളിന്റ പടി ഇറങ്ങേണ്ടിവരും.

..................................

മുഖ്യധാരയിൽ നിൽക്കുന്ന ഈ അദ്ധ്യാപകർ ഒഴിവു സമയം കൂലിപ്പണി ചെയ്താണ് കുടുംബം പുലർത്തുന്നത്. ഒരു ബാച്ചിൽ 40 കുട്ടികൾ ഉണ്ടെങ്കിൽ അംഗീകാരം നൽകുന്ന രീതിയിൽ നിയമ ഭേദഗതി കൊണ്ടുവരണം

എസ്.മനോജ് ,

ജനറൽ സെക്രട്ടറി, എ.എച്ച്.എസ്.ടി.എ

................................

2015ൽ ജോലിയിൽ പ്രവേശിച്ചു. കഴിഞ്ഞ വർഷം പഠിപ്പിച്ചതിന്റെ ദിവസവേതനം ഇതുവരെ ലഭിച്ചിട്ടില്ല

ഹയർ സെക്കൻഡറി അദ്ധ്യാപിക