ആലപ്പുഴ:കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് തന്റേതെന്ന രീതിയിൽ വാട്ട്സ് ആപ്പിൽ പ്രചരിക്കുന്ന പ്രസ്താവന വ്യാജ പ്രചാരണമാണെന്ന് മന്ത്രി ജി.സുധാകരൻ വ്യക്തമാക്കി. കരിമണൽ ഖനനം നിർത്തണം എന്ന് താൻപറഞ്ഞതായാണ് വാർത്ത. കടപ്പുറത്ത് ഇപ്പോൾ കരിമണൽ ഖനനം ആരുംനടത്തുന്നില്ല. കരിമണൽ ഖനനം നടത്തുന്നതിനോട് തങ്ങൾ ആരും യോജിക്കുന്നുമില്ല. എന്നാൽ തോട്ടപ്പള്ളി സ്പിൽവേയുടെ ആഴവുംവീതിയും കൂട്ടാനും ലീഡിംഗ് ചാനലിന്റെ ആഴം കൂട്ടാനും സംസ്ഥാന സർക്കാർ ഇറിഗേഷൻ വകുപ്പ് വഴി നടപടികൾ സ്വീകരിച്ച് വരികയാണ്. ഇറിഗേഷൻ വകുപ്പാണ് ഈ കാര്യം ചെയ്യുന്നത്. അത് കരിമണൽ ഖനനം അല്ല. അവിടെ നിന്നും നീക്കം ചെയ്യുന്ന മണലിൽ 55 ശതമാനം വരെ കരിമണൽ ഉണ്ടെന്നാണ് പഠനം വ്യക്തമാക്കിയത്.ഇത് സ്വകാര്യ വ്യക്തികൾ തട്ടിക്കൊണ്ട് പോകാതിരിക്കാൻ പൊതു
മേഖല സ്ഥാപനമായ വ്യവസായ വകുപ്പിന് കീഴിലുള്ള ചവറ കെ.എം.എം.എൽ നും കേന്ദ്ര സർക്കാർ സ്ഥാപനമായ ഐ.ആർ.ഇ ക്കും ആണ് നൽകുന്നത്. അതിന്റെവരുമാനം ഖജനാവിലേക്കാണ് വരുന്നത്. ബാക്കി പുറന്തള്ളുന്നമണൽ അവിടെ നിന്ന് പുറക്കാട് അടക്കമുള്ള തീരപ്രദേശങ്ങളിൽ നിക്ഷേപിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. തോട്ടപ്പള്ളി സ്പിൽവേക്ക് വെളിയിലുള്ള പരമ്പരാഗത തീരപ്രദേശങ്ങളിൽ നിന്ന് മണ്ണെടുത്ത് ദൂരസ്ഥലങ്ങളിലേക്ക് കൊണ്ട് പോകുന്നത് ശരിയല്ലാത്തതിനാൽ ആ ശ്രമങ്ങളെ താൻ തടഞ്ഞിട്ടു
ണ്ടെന്നും മന്ത്രി പറഞ്ഞു.