ഭിന്നശേഷിക്കാരുടെ പഠനം മുടങ്ങാതിരിക്കാൻ നെട്ടോട്ടം
ആലപ്പുഴ: ഓൺലൈൻ പഠനം സജീവമാകവേ, ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ തുടർ പഠനം മുടങ്ങാതിരിക്കാനുള്ള നെട്ടോട്ടത്തിലാണ് രക്ഷിതാക്കളും അദ്ധ്യാപകരും ബഡ്സ് സ്കൂളുകൾ നയിക്കുന്ന കുടുംബശ്രീയും. നിലവിൽ സ്കൂൾ പഠനവുമായി ബന്ധമില്ലാതെ നിൽക്കുന്ന ഇവരെ സജീവമാക്കാനുള്ള പലവിധ പരിശ്രമങ്ങളാണ് നടക്കുന്നത്.
ടി.വി, സ്മാർട്ട് ഫോൺ, ലാപ്ടോപ് എന്നിവ ഉപയോഗിച്ചുള്ള പഠനം ഇത്തരം കുട്ടികളിൽ എത്രത്തോളം ഫലവത്താകുമെന്നത് സംശയമാണ്. അതിനാൽ വിവിധ ഉത്പന്നങ്ങൾ നിർമ്മിക്കാനുള്ള ക്ലാസുകളും, വീടുകളിലെ ജോലികളിൽ അവരെ ഒപ്പം കൂട്ടിയുള്ള പരിശീലനവുമാണ് നിലവിൽ നടക്കുന്നത്. ബഡ്സ് സ്കൂളുകളിലെ അദ്ധ്യാപകർ ദിവസവും രക്ഷിതാക്കളെ വിളിച്ച്, കുട്ടികളെക്കൊണ്ട് ചെയ്യിക്കേണ്ട പ്രവർത്തനങ്ങൾ നിർദേശിക്കും. ഓരോ കുട്ടിക്കും ഓരോ തരത്തിലുള്ള ഇടപെടലുകളാണ് ആവശ്യം. ബഡ്സ് സ്കൂളുകൾ നൽകിയിരുന്ന പരിശീലനം കുട്ടികളിൽ പ്രകടമായ മാറ്റങ്ങൾ വരുത്തിയിരുന്നു. ഇത് നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുന്നതിനാണ് ദിവസവും മുടങ്ങാതെ പരിശീലനം നൽകുന്നത്. വരുംദിവസങ്ങളിൽ അദ്ധ്യാപകരെ നേരിൽ കണ്ട് സംവദിക്കാവുന്ന തരത്തിൽ ഓൺലൈൻ ക്ലാസുകളാരംഭിക്കാനുള്ള ശ്രമത്തിലാണ് സോഷ്യൽ ഡവലപ്മെന്റ് വിഭാഗം. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്തെ കുട്ടികളുടെ കണക്കെടുപ്പ് ആരംഭിച്ചു.
നിലവിൽ കുട്ടികളുടെ ദൈനംദിന പ്രവർത്തനങ്ങളുടെ വീഡിയോ ചിത്രീകരിച്ച് അദ്ധ്യാപകർക്ക് സമർപ്പിക്കുന്നുണ്ട്. പേന പേപ്പറുകൾ, ന്യൂസ് പേപ്പർ ക്യാരി ബാഗുകൾ തുടങ്ങി ഭിന്നശേഷി വിദ്യാർത്ഥികൾ തയ്യാറാക്കുന്ന വസ്തുക്കൾക്ക് കുടംബശ്രീയുടെ നേതൃത്വത്തിൽ മാർക്കറ്റ് കണ്ടെത്തിക്കൊടുക്കുന്നുണ്ട്.
...................................
സംസ്ഥാനത്തെ ബഡ്സ് സ്കൂളുകൾ: 281
വിദ്യാർത്ഥികൾ: 9002
ആലപ്പുഴ: 20 സ്കൂളുകൾ
വിദ്യാർത്ഥികൾ: 611
....................
26: ജില്ലയിൽ ടിവി സൗകര്യം പോലുമില്ലാത്ത ഭിന്നശേഷി വിദ്യാർത്ഥികൾ
................
ബഡ്സ് സ്കൂളുകളിൽ നിന്ന് ലഭിച്ചിരുന്ന പരിശീലനം നഷ്ടമാകാത്ത വിധത്തിലാണ് നിലവിൽ കുട്ടികളുടെ വീടുകളിൽ ക്രമീകരണം ഏർപ്പെടുത്തുന്നത്. ദിവസവും അവരുടെ പ്രവർത്തനങ്ങളുടെ ഫോട്ടോയും വീഡിയോയും രക്ഷിതാക്കൾ അയച്ചു തരും. വരും ദിവസങ്ങളിൽ ഓൺലൈൻ സൗകര്യങ്ങൾ ഏർപ്പെടുത്താനുള്ള കണക്കെടുപ്പ് നടക്കുകയാണ്
രേഷ്മ രവി, ജില്ലാ പ്രോഗ്രാം മാനേജർ, സോഷ്യൽ ഡവലപ്മെന്റ്
....................