വള്ളികുന്നം: ഒഴി​ഞ്ഞ കുപ്പികളൊരെണ്ണം കി​ട്ടി​യാൽ മതി​, മി​നുട്ടുകൾ കൊണ്ട് അലീന സൗന്ദര്യം തുളുമ്പുന്ന ഒരു ശി​ല്പമായി​ അതി​നെ മാറ്റി​യെടുക്കും. പാഴായി​ പ്പോകേണ്ട ഒരു കുപ്പി​യായി​രുന്നോ ഇതെന്ന് അത്ഭുതം തോന്നും. ​

ഒഴിഞ്ഞ കുപ്പികളിൽ ചിത്രകലയുടെ വർണ വിസ്മയം തീർക്കുന്നത് വള്ളികുന്നം വട്ടയ്ക്കാട് വാർഡിൽ കാക്കാന്റയ്യത്ത് വീട്ടിൽ അജു ഫിലിപ്പിന്റെയും റീനയുടെയും മകൾ അലീനയാണ്. കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളി​ൽ പ്ളസ് ടു വിദ്യാർത്ഥിനിയാണ് അലീന.

പാഴ്കുപ്പികൾ എത്തിച്ച് നൽകുന്നവർക്ക് അവർ പറയുന്ന ചിത്രങ്ങൾ അലീന വരച്ചു നൽകും.ബോട്ടിൽ ആർട്ട്, ഓയിൽ പെയിന്റ്, പേപ്പർ ആർട്ട് ഉൾപ്പെടെ ഇതുവരെ നൂറിലധികം കുപ്പികളിൽ ചി​ത്രം തീർത്തു കഴിഞ്ഞിരിക്കുന്നു . നോട്ട് ബുക്കിൽ ചിത്രങ്ങൾ വരച്ച് തുടങ്ങിയ ശേഷം പിന്നീട് പ്ലാസ്റ്റിക് പ്ലേറ്റുകളിലും ഒഴിഞ്ഞ കുപ്പികളിലും ചിത്രങ്ങൾ തീർക്കുകയായിരുന്നു. ചിത്രങ്ങൾ തീർത്ത കുപ്പികളെ അലങ്കാര വസ്തുവാക്കി വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണ് സ്കൂൾ മത്സരങ്ങളിൽ പെയിന്റിംഗ് മത്സരങ്ങളിലും ഡാൻസ് മത്സരങ്ങളിലും നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ഇതേ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അലൻ സഹോദരനാണ്.