ഹരിപ്പാട്: ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി ഉപേക്ഷിക്കാനുള്ള കേന്ദ്ര സർക്കാർ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കാർത്തികപ്പള്ളി, ഹരിപ്പാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ പല്ലന കുമാരകോടിയിൽ നടത്തിയ സത്യഗ്രഹ സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ എസ്.വിനോദ് കുമാർ, എം. ആർ ഹരികുമാർ എന്നിവരുടെ നേത്യത്വത്തിലാണ് സമരം നടന്നത്. തീർത്ഥാടന പദ്ധതി യാതൊരു കാരണവുമില്ലാതെ സർക്കാർ ഉപേക്ഷിക്കാൻ തീരുമാനിച്ചത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. കേരളത്തിന്റെ ടൂറിസം സാധ്യതകളെ ഇത് ബാധിക്കും. ശിവഗിരി ടൂറിസം പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നടപ്പിലാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്ത് അയച്ചുവെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് ശ്രീകുമാർ അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് എം.ലിജു, മുൻ എം.എൽ.എ അഡ്വ.ബി.ബാബുപ്രസാദ്, എ.കെ രാജൻ, എം.കെ വിജയൻ, ജോൺ തോമസ്, മുഞ്ഞിനാട്ട് രാമചന്ദ്രൻ, കെ.കെ സുരേന്ദ്രനാഥ്, എം.ബി സജി, വി.ഷുക്കൂർ, ജേക്കബ് തമ്പാൻ, ശ്രീദേവി രാജൻ, ബിനു ചുള്ളിയിൽ, മുഹമ്മദ് അസ്ലം, തൃക്കുന്നപ്പുഴ പ്രസന്നൻ, രഘുനാഥൻ തുടങ്ങിയവർ സംസാരിച്ചു.