ഹരിപ്പാട്: തുടർച്ചയായി ഡയാലിസിസ് നടത്തിവരുന്ന വൃക്കരോഗികൾക്കും അവയവ മാറ്റത്തെ തുടർന്ന് സ്ഥിരമായി മരുന്ന് കഴിക്കുന്നവർക്കും ജില്ലാപഞ്ചായത്ത് ചികിത്സാ സഹായം നൽകി. ഡയാലിസിസ് രോഗികൾക്ക് പ്രതിമാസം 2000രൂപ നിരക്കിൽ 3മാസത്തേക്ക് 6000രൂപയും അവയവ മാറ്റത്തിനു വിധേയരായവർക്കു മൂന്നു മാസത്തേക്ക് പരമാവധി 5000 രൂപയുടെ ജീവൻ രക്ഷാ മരുന്നുകളുമാണ് നൽകുന്നത്. അപേക്ഷയുടെ മാതൃക ജില്ലാപഞ്ചായത്തംഗവുമായോ ഗ്രാമ പഞ്ചായത്ത്‌ കാര്യാലയങ്ങൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ വഴിയോ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അതാത് ഗ്രാമപഞ്ചായത് കാര്യാലയത്തിൽ 20ന് വൈകുന്നേരത്തിനു മുൻപ്‌ എത്തിക്കണമെന്ന് മുതുകുളം ഡിവിഷൻ ജില്ലാപഞ്ചായത് അംഗം ബബിത ജയൻ അറിയിച്ചു.