ambala

അമ്പലപ്പുഴ: പാർക്കു ചെയ്തിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ സ്കൂട്ടറിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു.കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനും വിമുക്തഭടനുമായ നൂറനാട് പാലമേൽ വൈകുണ്ടത്തിൽ കുട്ടപ്പന്റെ മകൻ വിജയൻ (56) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ തോട്ടപ്പളളി സ്പിൽവേയുടെ തെക്കുഭാഗത്തായിരുന്നു അപകടം. ജോലിക്കു പോകാനായി നൂറനാട്ടു നിന്നും ആലപ്പുഴയിലേക്ക് വരികയായിരുന്ന വിജയൻ സഞ്ചരിച്ച സ്കൂട്ടർ, മണൽ കൊണ്ടു പോകാനായി പാർക്കു ചെയ്തിരുന്ന ടിപ്പറിനു പിന്നിൽ ഇടിക്കുകയായിരുന്നുവെന്ന് കരുതുന്നു. റോഡിലേക്ക് തെറിച്ചു വീണ വിജയൻ സംഭവസ്ഥലത്തു തന്നെ മരിച്ചു. രാവിലെ 5 ഓടെ നാട്ടുകാരാണ് റോഡിൽ മരിച്ചു കിടന്ന നിലയിൽ വിജയനെ കണ്ടത്. വിവരം അറിഞ്ഞ് അമ്പലപ്പുഴ പൊലീസ് എത്തി ഇൻക്വസ്റ്റ് തയ്യാറാക്കി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. .സ്കൂട്ടറിൽ ആലപ്പുഴയിലെത്തി അവിടെ നിന്നും ബസിലാണ് വിജയൻ എറണാകുളത്തേക്ക് ജോലിക്കു പോയിരുന്നത്. ഭാര്യ:സരള. മക്കൾ :അമ്പാടി, കാവ്യ.