covid-mats

ആലപ്പുഴ: കൊവിഡ് വ്യാപനത്തെ ചെറുക്കാൻ കയർ വ്യവസായത്തെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ആലോചനയിൽ നിന്ന് കയർ കോർപ്പറേഷൻ വികസിപ്പിച്ച കൊവിഡ് മാറ്റ് വിപണിയിലെത്തുന്നു. പാദങ്ങളിൽ നിന്നുള്ള അണുവ്യാപനം തടയാൻ കൊവിഡ് പ്രതിരോധ മാറ്റുകൾ ഉപയോഗിക്കാം. തിരുവനന്തപുരം ആസ്ഥാനമായ നാഷണൽ കയർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ശ്രീചിത്തിര തിരുനാൾ റിസർച്ച് സെന്ററുമായി സഹകരിച്ചാണ് മാറ്റ് നിർമ്മിച്ചത്.

സംസ്ഥാനത്തെ മുഴുവൻ വീടുകളിലും കൊവിഡ് മാറ്റ് എത്തിക്കുകയാണ് കയർ കോർപ്പറേഷന്റെ ലക്ഷ്യം. വിദ്യാലയങ്ങൾ, സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, മാളുകൾ എന്നിവിടങ്ങളിലും മാറ്റുകൾ നൽകും. കോർപ്പറേഷന്റെ വിതരണ ശ്യംഖലകളിലൂടെയും കുടുംബശ്രീ വഴിയും തടുക്കുകൾ വിറ്റഴിക്കാനാണ് തീരുമാനം. ആദ്യ ഘട്ടത്തിൽ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും അനുബന്ധ സ്ഥാപനങ്ങളിലും തടുക്കുകൾ പ്രചാരത്തിലെത്തിക്കും. അതിന് ശേഷം വ്യക്തികളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും ആവശ്യത്തിന് അനുസൃതമായി കൂടുതൽ തടുക്കുകൾ നിർമ്മിച്ച് നൽകും.

തടുക്ക് വിപണിയിലിറക്കുന്നതിന്റെ ഔദ്യോഗിക ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 11ന് എറണാകുളം ഗ്രാൻഡ് ഹോട്ടലിൽ നടക്കും. അന്ന് വൈകിട്ട് മൂന്നിന് അലപ്പുഴ നഗരസഭയിലെ ആശ്രമം വാർഡിൽ 50 വീടുകളിൽ കൊവിഡ് മാറ്റുകൾ സൗജന്യമായി നൽകും. ഇതോടൊപ്പം ജില്ലയിലെ അഞ്ച് സ്ഥാപനങ്ങളിലേക്കും സൗജന്യമായി മാറ്റുകൾ എത്തിക്കും. പരീക്ഷണാടിസ്ഥാനത്തിൽ ഇറക്കുന്ന തടുക്ക് വൻ വിജയമാകുമെന്നാണ് പ്രതീക്ഷയെന്ന് കയർ കോർപ്പറേഷൻ ചെയർമാൻ ടി.കെ. ദേവകുമാറും മാനേജിംഗ് ഡയറക്‌ടർ ജി. ശ്രീകുമാറും പറഞ്ഞു.

 20 വ്യത്യസ്‌ത ഡിസൈനുകൾ

 വില ₹200 മുതൽ ₹800 വരെ

കൊവിഡ് പ്രതിരോധ മാറ്റ്

പ്ളാസ്റ്റിക്ക് ഡ്രേയിൽ ചകിരിത്തടുക്ക് വച്ചശേഷം ശുദ്ധജലം ഉപയോഗിച്ച് നനയ്ക്കും. തുടർന്ന്, ശ്രീചിത്തിര തിരുനാൾ റിസർച്ച് സെന്റർ വികസിപ്പിച്ച അണുനശീകരണ ലായനി തടുക്കിന് മുകളിൽ സ്‌പ്രേ ചെയ്യും. നനവുള്ള ചവിട്ടിയിൽ കാൽപ്പാദങ്ങൾ ഉരയ്ക്കുന്നതോടെ അണുവിമുക്തമാകും. ഇതിനുശേഷം ഉണങ്ങിയ തടുക്കിൽ കാൽ ഉരച്ചശേഷം അകത്തേക്ക് പ്രവേശിക്കാം. മൂന്ന് ദിവസത്തിലൊരിക്കൽ തടുക്കിൽ അണുനാശിനി തളിക്കണം.