നീട്ടിവയ്ക്കണമെന്ന് ആവശ്യം
ആലപ്പുഴ : കൊവിഡ് സാമൂഹിക വ്യാപനം കണക്കിലെടുത്ത് ദേശീയ കുളമ്പുരോഗ നിവാരണ പദ്ധതിയുടെ രണ്ടാം ഘട്ട പ്രതിരോധ വാക്സിനേഷൻ നീട്ടിവയ്ക്കണമെന്ന ആവശ്യം ഉയരുന്നു. ഇന്നു മുതൽ വാക്സിനേഷൻ ആരംഭിക്കാനാണ് സർക്കാർ നിർദ്ദേശിച്ചിട്ടുള്ളത്. വീടുകൾ കയറി ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരാണ് വാക്സിനേഷൻ എടുക്കേണ്ടത്. കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിൽ എത്തുന്ന ജീവനക്കാർക്ക് രോഗം വ്യാപിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ആഗസ്റ്റിലേ സംസ്ഥാനത്ത് വാക്സിനേഷൻ ആരംഭിക്കാവൂ എന്ന് ജീവനക്കാരുടെ സംഘടനാ ഭാരവാഹികൾ വകുപ്പ് മന്ത്രിയോടും ഡയറക്ടറോടും ആവശ്യപ്പെട്ടിരുന്നു.
രണ്ടാംഘട്ട പ്രതിരോധ വാക്സിനേഷൻ ഇന്നു മുതൽ ആരംഭിക്കാൻ ജില്ലാ മൃഗസംരക്ഷണ ഓഫീസർമാർക്ക് മൃഗസംരക്ഷണ വകുപ്പ് കഴിഞ്ഞ ഒൻപതിനാണ് ഉത്തരവ് നൽകിയത്. ആറുമാസത്തിൽ ഒരിക്കലാണ് കന്നുകാലികളിൽ കുളമ്പ് രോഗത്തിന് പ്രതിരോധ കുത്തിവയ്പ് എടുക്കേണ്ടത്.
ദേശീതലത്തിൽ ഏകീകരിച്ച് നടക്കുന്ന പദ്ധതിയായതിനാൽ വാക്സിനേഷൻ നീട്ടിവയ്ക്കാൻ കഴിയില്ലെന്നാണ് വകുപ്പിന്റെ നിലപാട്. കുളമ്പുരോഗ നിവാരണത്തിന് സംസ്ഥാനത്ത് 26ഘട്ടങ്ങളായി പ്രതിരോധ വാക്സിനേഷൻ മുമ്പ് നൽകിയിരുന്നതാണ്. ഇപ്പോൾ കേന്ദ്ര സർക്കാർ പദ്ധതി ഏറ്റെടുത്തു. ഇതിന്റെ ആദ്യഘട്ടം കഴിഞ്ഞ ഡിസംബറിൽ ദേശീയ തലത്തിൽ ആരംഭിച്ച് 21ദിവസം കൊണ്ട് പൂർത്തീകരിച്ചു. സംസ്ഥാനത്ത് ഫെബ്രുവരി അവസാനം ആരംഭിച്ച് മാർച്ച് 18ന് തീരുന്ന തരത്തിൽ വാക്സിനേഷൻ ആരംഭിച്ചതാണ്. അപ്രതീക്ഷിതമായി എത്തിയ കൊവിഡ് ഭീഷണിയെ തുടർന്ന് മാർച്ച് 9 മുതൽ ഇതു നിറുത്തിവച്ചു. ഓരോ പ്രദേശത്തും ഏകദേശം 50ശതമാനം കാലികൾക്കേ പ്രതിരോധ വാക്സിനേഷൻ എടുത്തിരുന്നുള്ളൂ.