ആലപ്പുഴ: പൊലീസ് സന്നാഹങ്ങളെ മറികടന്ന് എ.ഐ.ടി.യു.സി പ്രവർത്തകർ തോട്ടപ്പള്ളി പൊഴിമുഖത്തെ മണൽക്കൂനകളിൽ കൊടികുത്തി .
പൊഴിമുഖത്തെ മണൽ ഖനനം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇന്നലെ രാവിലെ 11മണിയോടെ
എ.ഐ.ടി.യു.സി ഹരിപ്പാട് - അമ്പലപ്പുഴ കമ്മറ്റികളുടെ നേതൃത്വത്തിൽ 50ഓളം പ്രവർത്തകർ കുട്ടികളുടെ പാർക്കിന് സമീപത്തെ ഖനന സ്ഥലത്തേക്ക് മാർച്ച് നടത്തി. രാവിലെ മുതൽ നിലയുറപ്പിച്ച വൻ പൊലീസ് സംഘം മാർച്ച് കൺസ്യൂമർഫെഡിന്റെ ഔട്ട്ലെറ്റിന് സമീപം വെച്ച് തടഞ്ഞു. ഈ സമയം പാലത്തിന്റെ വടക്കേക്കരയിലെ പൊഴിമുഖത്തെ കാറ്റാടി മരങ്ങൾ മുറിച്ച് നീക്കിയ ഭാഗത്ത് കൂട്ടിയിട്ടിരുന്ന മണൽക്കൂനയിൽ എ.ഐ.ടി.യു.സി പ്രവർത്തകരായ യു.ദിലിപ്, അനിൽകുമാർ
സി.ബിജു എന്നിവർ ചേർന്ന് കൊടിനാട്ടി മണൽ പ്രതീകാത്മകമായി പിടിച്ചെടുത്തു. പൊലീസിന്റെ നിരീക്ഷണം തെക്കേ കരയിൽ മാത്രം ഒതുങ്ങിയിരുന്നു. കൊടികുത്ത് സമരം വിജയിച്ചതായി പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി അഡ്വ. വി.മോഹൻദാസ് പ്രഖ്യാപിച്ചപ്പോഴാണ് കൊടികുത്തിയത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ പൊലീസ് എത്തി നാലുപേരെയും കസ്റ്റഡിയിൽ എടുത്തു സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ തയ്യാറെടുത്തപ്പോൾ പൊലീസ് വാഹനം പോകാൻ അനുവദിക്കില്ലെന്ന് സമരക്കാർ പറഞ്ഞു. ഇതിനെ തുടർന്ന് പൊലീസും സമരക്കാരും തമ്മിൽ വാക്കേറ്റം ഉണ്ടായി. പിന്നീട് പ്രവർത്തകരെ സമരക്കാർക്ക് ഒപ്പം വിട്ടയച്ചു.15പേർക്ക് എതിരെ അമ്പലപ്പുഴ പൊലീസ് കേസ് എടുത്തു. യോഗത്തിൽ പി.ബി.സുഗതൻ അദ്ധ്യക്ഷത വഹിച്ചു.
ഇ.കെ.ജയൻ,ഡി.അനീഷ്, സി.വി.രാജീവൻ എന്നിവർ സംസാരിച്ചു.കെ.എഫ്. ലാൽജി സ്വാഗതവും ശാർങ്‌ഗധരൻ നന്ദിയും പറഞ്ഞു.