ആലപ്പുഴ: മുൻവൈരാഗ്യത്തിന്റെ പേരിൽ പൊലീസ് കളളക്കേസിൽ കുടുക്കിയെന്ന പരാതിയുമായി സമുദായ സംഘടനാ ഭാരവാഹി രംഗത്ത്. ധീവരസഭയ്ക്ക് കീഴിലുള്ള പണ്ഡിറ്റ് കറുപ്പൻ സാംസ്ക്കാരിക സമിതി സംസ്ഥാന വൈസ് പ്രസിഡന്റും ആലിശേരി ക്ഷേത്രം വൈസ് പ്രസിഡന്റും മുൻ ബി.എം.എസ് ഭാരവാഹിയുമായ പി.സി.കാർത്തികേയനാണ് പരാതിക്കാരൻ. കാർത്തികേയൻ പറഞ്ഞത്: ആലപ്പുഴ റെയിൽവേ ഗുഡ്സ് ഷെഡിൽ ഒരു കോൺട്രാക്ടറുടെ കീഴിൽ സൂപ്പർവൈസറായി ജോലി നോക്കിവരികയായിരുന്നു താൻ. കഴിഞ്ഞ വിഷുദിനത്തിൽ, മറ്റൊരു തൊഴിലാളിയുടെ വീട്ടിൽ കൈനീട്ടം നൽകാൻ എത്തിയ തന്നെ വാറ്റ് ചാരായ കേസിൽപ്പെടുത്തി. കേസിൽ പ്രതിയാകാതിരിക്കാൻ 50000 രൂപ പൊലീസുകാർ കൈക്കൂലി ആവശ്യപ്പെട്ടെന്നും ഇത് നിഷേധിച്ച തന്നെ മർദ്ദിച്ച ശേഷം ചാരായ കന്നാസ് എടുപ്പിച്ച് ദൃശ്യം പകർത്തി സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതായും കാർത്തികേയൻ ആരോപിച്ചു. ആലിശേരി ക്ഷേത്രത്തിലെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉന്നയ പൊലീസ് ഉദ്യോഗസ്ഥന് തന്നോടുള്ള വൈരാഗ്യത്തിന്റെ പേരിലാണ് കള്ളക്കേസിൽ കുടുക്കിയതെന്നും പറഞ്ഞു. എസ്.പി, ഡി.ജി.പി, മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക് പരാതി നൽകിയതായും ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തതായും അദ്ദേഹം പറഞ്ഞു.