ചികിത്സയിലുള്ളത് 95പേർ
ആലപ്പുഴ: ഇന്നലെ ജില്ലയിൽ അഞ്ച് സ്ത്രീകൾക്ക് ഉൾപ്പെടെ 13 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 95 ആയി. വിദേശത്തു നിന്ന് വന്ന 9 പേർക്കും അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയ നാലു പേർക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. പത്തുപേരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും മൂന്നു പേരെ ഹരിപ്പാട് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കുവൈറ്റിൽ നിന്നും 27ന് കൊച്ചിയിൽ എത്തിയ അമ്പലപ്പുഴ സ്വദേശിനിയായ യുവതിയ്ക്കും ദുബായിൽ നിന്നും ഒന്നിന് കൊച്ചിയിൽ എത്തിയ ചേർത്തല സ്വദേശിയായ യുവാവിനും അബുദാബിയിൽ നിന്നും 27ന് കൊച്ചിയിൽ എത്തിയ ചെങ്ങന്നൂർ സ്വദേശിയായ യുവാവിനും ഛത്തിസ്ഗഡിൽ നിന്നും 25ന് സ്വകാര്യവാഹനത്തിൽ എത്തിയ ചേർത്തല സ്വദേശിയായ യുവാവിനും മുംബയിൽ നിന്നും ട്രെയിനിൽ 27ന് കൊച്ചിയിൽ എത്തിയ 52വയസുള്ള മാവേലിക്കര സ്വദേശിനിയ്ക്കും അബുദാബിയിൽ നിന്നും ഒന്നിന് കൊച്ചിയിൽ എത്തിയ ചെട്ടികുളങ്ങര സ്വദേശിയായ യുവാവിനും ദുബായിൽ നിന്നും ഒന്നിന് കൊച്ചിയിൽ എത്തിയ പള്ളിപ്പാട് സ്വദേശിയായ യുവാവിനും ഡൽഹിയിൽ നിന്നും വിമാന മാർഗം 30ന് കൊച്ചിയിൽ എത്തിയ ചമ്പക്കുളം സ്വദേശിയായ യുവാവിനും ഡൽഹിയിൽ നിന്നും 30ന് വിമാന മാർഗം
കൊച്ചിയിൽ എത്തിയ ചമ്പക്കുളം സ്വദേശിനിയായ പെൺകുട്ടിക്കും മസ്‌കറ്റിൽ നിന്നും 30ന് തിരുവനന്തപുരത്തു എത്തിയ 57വയസുള്ള നൂറനാട് സ്വദേശിക്കും അബുദാബിയിൽ നിന്നും കൊച്ചിയിൽ 28ന് എത്തിയ 52വയസുള്ള കരുവാറ്റ സ്വദേശിക്കും കുവൈറ്റിൽ നിന്നും 27ന് കൊച്ചിയിൽ എത്തിയ ചേർത്തല സ്വദേശിനിയായ യുവതിയ്ക്കും അബുദാബിയിൽ നിന്നും 27ന് കൊച്ചിയിൽ എത്തിയ പാലമേൽ സ്വദേശിയായ യുവാവിനുമാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 5282 പേരാണ്.