പൂച്ചാക്കൽ: റേഷൻ കാർഡ്, ആധാർ കാർഡ്, പെൻഷൻ...മൂകനും ബധിരനുമായ പാണാവള്ളി പഞ്ചായത്ത് 11-ാം വാർഡ് വാൽച്ചിറ വേലായുധനാണ് 74-ാം വയസിൽ ഈ 'അത്യാവശ്യ' കാര്യങ്ങളുടെ ഉടമയായത്.
പട്ടിക വിഭാഗത്തിൽപ്പെടുന്ന വേലായുധൻ വീട്ടിൽ വർഷങ്ങളായി ഒറ്റയ്ക്കാണ് താമസിക്കുന്നത്. വാർഡ് മെമ്പർ അഡ്വ.എസ്.രാജേഷ് വേലായുധന്റെ കാര്യങ്ങൾക്കായി ഇറങ്ങിത്തിരിക്കുകയായിരുന്നു. ആരുമായും അടുപ്പം പുലർത്തിയിരുന്നില്ല വേലായുധൻ. സഹോദരങ്ങളോട് പോലും സഹകരണമില്ലാത്ത സ്വഭാവം. ആരെയും വീട്ടിലേക്ക് കയറ്റുകയുമില്ല. രാജേഷിനെയും ആദ്യം അടുപ്പിച്ചിരുന്നില്ല. ഒരു വർഷത്തോളമെടുത്താണ് വേലായുധനുമായി രാജേഷ് സൗഹൃദമുണ്ടാക്കിയത്.
സംസാരിക്കില്ലെങ്കിലും ചോദ്യം മനസിലായാൽ മണ്ണിൽ ഉത്തരം എഴുതിക്കാണിക്കും. വീട്ടിൽ സ്വന്തമായി ഭക്ഷണം പാകംചെയ്താണ് കഴിക്കുന്നത്. വേലായുധനെ ആദ്യം അഗതി- അശ്രയ പദ്ധതിയിൽ ഉൾപ്പെടുത്തി. മാസം സൗജന്യമായി 500 രൂപയുടെ പോഷകാഹാരം ഇതിലൂടെ ലഭിച്ചിരുന്നു. പിന്നീട് ആധാർ കാർഡിനായി ശ്രമിച്ചു. ജനന തീയതി തെളിയിക്കുന്ന രേഖകൾ ഇല്ലാതിരുന്നതിനാൽ ആധാർ കാർഡ് ലഭിക്കാൻ തടസമുണ്ടായി. തൈക്കാട്ടുശേരി ബി.ഡി.ഒ ബിജുകുമാർ സാക്ഷ്യപത്രം നൽകി സഹായിച്ചതിനാൽ ആധാർ കാർഡ് ലഭിച്ചു. തുടർന്ന് പെൻഷന് അപേക്ഷിച്ചു. അവിടെയും തടസങ്ങൾ നേരിട്ടു. പഞ്ചായത്ത് സെക്രട്ടറി ഉഷ, വി.ഇ.ഒ ശ്രീവിദ്യ പൈ, സെക്ഷൻ ക്ലർക്ക് ഉദയൻ എന്നിവരുടെ സഹായത്താൽ ഒരു മാസത്തിനുള്ളിൽ പെൻഷൻ അനുവദിച്ചു. ലോക്ക്ഡൗൺ സമയത്ത് ആദ്യമായി പെൻഷനും ലഭിച്ചു.
റേഷൻ കാർഡിനുള്ള ശ്രമമായിരുന്നു പിന്നീട്. താമസ സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കാൻ മതിയായ രേഖകൾ ഇല്ലാതിരുന്നതിനാൽ വീണ്ടും തടസങ്ങളുണ്ടായി. പഞ്ചായത്ത് സെക്രട്ടറി ഉഷ, വില്ലേജ് ഓഫീസർ ഹാരിസ് എന്നിവരുടെ സഹായത്തോടെ സർട്ടിഫിക്കറ്റുകൾ കിട്ടി. റേഷൻ കാർഡിന് ഓൺലൈൻ അപേക്ഷ നൽകി. രണ്ടു ദിവസത്തിനുള്ളിൽ റേഷൻ കാർഡ് ലഭിച്ചു. ലോക്ക്ഡൗൺ സമയത്ത് സൗജന്യ ഭക്ഷണവും നൽകി. 11-ാം വാർഡ് എ.ഡി.എസ് ചെയർപേഴ്സൺ ജസീല ഹാരിഷും വേലായുധന് ആനുകൂല്യങ്ങൾ ലഭിക്കാനായി രാജേഷിനൊപ്പം ഉണ്ടായിരുന്നു.