s

 നഴ്സുമാരെക്കൊണ്ട് പുതിയ മെഷീൻ വാങ്ങിപ്പിച്ചത് സൂപ്രണ്ട്

ആലപ്പുഴ: മെഡി. ആശുപത്രിയിലെ കൊവിഡ് ഒ.പിയിൽ നിന്ന് ഇ.സി.ജി മെഷീൻ കാണാതായി.ക്ഷുഭിതനായ സൂപ്രണ്ട് അഞ്ച് സ്റ്റാഫ് നഴ്സുമാരെക്കൊണ്ട് പുതിയ മെഷീൻ ഓൺലൈനിൽ വാങ്ങിപ്പിച്ചു.

കഴിഞ്ഞ മാസം 22നാണ് മെഷീൻ അപ്രത്യക്ഷമായത്. ഹെഡ് നേഴ്സ്, ഇ.സി.ജി മെഷ്യൻ ടെക്നിഷ്യൻ എന്നിവരെ ഒഴിവാക്കി ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് സ്റ്റാഫ് നഴ്സുമാരിൽ നിന്ന് 6,300 രൂപ വീതം വാങ്ങി ഓൺലൈനിൽ പുതിയ മെഷീൻ വരുത്തിക്കുകയായിരുന്നു. 31,500 രൂപയാണ് മെഷീന് ചെലവായത്. അന്ന് മൂന്ന് ഷിഫ്റ്റിലായി ഡോക്ടർമാർ ഉൾപ്പെടെ 10 ജീവനക്കാർ ഉണ്ടായിരുന്നു. മെഷീൻ കാണാതായ വിവരത്തെ കുറിച്ച് ആശുപത്രി അധികൃതർ പൊലീസ് എയ്ഡ് പോസ്റ്റിൽ പോലും പരാതി നൽകുകയോ വകുപ്പുതല അന്വേഷണം നടത്തുകയോ ചെയ്തില്ല. വാർഡിലെ ഉപകരണങ്ങളുടെ പൂർണ്ണ ചുമതലയുള്ള ഹെഡ് നഴ്സിനെയും ഇ.സി.ജി മെഷീൻ ടെക്നിഷ്യനെയും ഒഴിവാക്കിയതിന്റെ കാരണം തിരയുകയാണ്, നടപടി ഭയന്ന് പണം മുടക്കേണ്ടിവന്ന നഴ്സുമാർ.

കൊവിഡ് ഒ.പിയിലും വാർഡിലും ഒരു ഇ.സി.ജി മെഷീനാണ് ഉണ്ടായിരുന്നത്. ഒ.പിയിൽ നിന്ന് വാർഡിലേക്കും തിരിച്ചും മെഷീൻ എത്തിക്കുന്നത് മഞ്ഞക്കിറ്റിൽ പൊതിഞ്ഞ് അറ്റൻഡർമാരാണ്. വാർഡിലെ മാലിന്യങ്ങളും സമാനകിറ്റുകളിലാണ് നിക്ഷേപിക്കുന്നത്. കിറ്റ് മാറി മാലിന്യത്തിനൊപ്പം മെഷീൻ കിറ്റും നഷ്ടമായതാകാനാണ് സാദ്ധ്യതയെന്ന് ജീവനക്കാർ പറയുന്നു. മെഷീൻ കാണാതായ സംഭവം അറിഞ്ഞ് പുതിയ മെഷീൻ വാങ്ങിത്തരണമെന്ന് നഴ്സുമാരോടു സൂപ്രണ്ട് വാക്കാൽ നിർദ്ദേശിക്കുകയായിരുന്നു. ജീവനക്കാർ മെഷീൻ വാങ്ങി നൽകിയപ്പോൾ, താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് സ്ഥാപിക്കാനാണ് സൂപ്രണ്ട് ശ്രമിച്ചതെന്നും ജീവനക്കാർ പറയുന്നു.