മേളം കലാകാരൻമാർ ആശങ്കയിൽ
ആലപ്പുഴ: ആരാധനാലയങ്ങളിൽ നിയന്ത്രണങ്ങൾ തുടരുന്നു. ഉത്സവങ്ങളില്ല, ഉദ്ഘാടനങ്ങളില്ല. മേളപ്പെരുക്കത്താൽ ആസ്വാദകരുടെ മനസിൽ പെരുമ്പറ മുഴക്കിയിരുന്ന നാളുകൾ കൊവിഡ് കവർന്നതോടെ മറ്റ് ഉപജീവനമാർഗങ്ങൾ തേടുകയാണ് വാദ്യകലാകാരന്മാർ.
വർഷം നൂറ് പരിപാടികൾ വരെ ലഭിച്ചിരുന്ന ചെണ്ടമേള ടീമുകൾക്ക് ബുക്കിംഗുകൾ പാടെ നഷ്ടമായി. കഴിഞ്ഞ മൂന്നു മാസമായി അനക്കം തട്ടാതിരിക്കുന്ന ഉപകരണങ്ങൾക്ക് പൂപ്പൽ ബാധയേറ്റ് തുടങ്ങിയതും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. വർഷത്തിൽ കന്നി, കർക്കിടകം ഒഴികെയുള്ള മാസങ്ങൾ മേളക്കാർക്ക് തരക്കേടില്ലാത്ത വരുമാനം ലഭിക്കാറുള്ളതാണ്. കൂടുതൽ ഉത്സവങ്ങൾ നടക്കാറുള്ള മാർച്ച്, ഏപ്രിൽ മാസങ്ങൾ പൂർണമായും നഷ്ടപ്പെട്ടു. മുഹമ്മ കായിപ്പുറത്ത് പി.കെ.ആർ ഗ്രൂപ്പ് എന്ന ചെണ്ടമേള ടീമിന്റെ അമരക്കാരനായ പ്രവീൺകുമാർ ലോക്ക് ഡൗണിന് തൊട്ടുമുമ്പാണ് പലിശയ്ക്ക് പണമെടുത്ത് പുത്തൻ ചെണ്ടകൾ തയ്യാറാക്കാനുള്ള വട്ടവും, കുറ്റിയും വാങ്ങിയത്. ഒരു വട്ടത്തിന് 3000 രൂപയും, കുറ്റിക്ക് 7000 രൂപയും ചെലവാകും. 60,000 രൂപയുടെ സാധനങ്ങളാണ് വാങ്ങിവച്ചിരിക്കുന്നത്. 26 വർഷമായി വാദ്യരംഗത്ത് പ്രവർത്തിക്കുന്ന പ്രവീണും ടീമിലെ 36 അംഗങ്ങളും ആദ്യമായിട്ടാണ് ചെണ്ടപ്പുറത്ത് കോല് തട്ടാനാകാതെ അകത്തിരിപ്പാവുന്നത്.
ഇതോടെ പലരും ഉപജീവനത്തിനായി പല വഴിക്ക് തിരിഞ്ഞു. അപ്പൂപ്പനിൽ നിന്ന് പാരമ്പര്യമായി പകർന്നുകിട്ടിയ വാദ്യകല തത്കാലം മാറ്റിവച്ച് കയർത്തൊഴിലാളിയുടെ കുപ്പായമണിഞ്ഞിരിക്കുകയാണ് പ്രവീൺകുമാർ. വീടിനോട് ചേർന്നുള്ള തറിയിൽ അത്യാവശ്യം ഓർഡറുകളും കിട്ടിത്തുടങ്ങിയിട്ടുണ്ട്. എങ്കിലും ഇഷ്ടകലയായ ചെണ്ടമേളത്തിലേക്ക് തിരിച്ചെത്തണം, അതാണ് പ്രവീണിനെ ആശങ്കപ്പെടുത്തുന്നത്.
.........................................
ഇത്രയധികം ദിവസം പരിപാടികൾ ഇല്ലാതിരിക്കുന്നത് ആദ്യാനുഭവമാണ്. മഴക്കാലമായതോടെ ഈർപ്പത്തിൽ നിന്ന് ഉപകരണങ്ങൾ സംരക്ഷിക്കുന്നതാണ് പ്രധാന പ്രശ്നം. കലാകാരന്മാർ പലരും ഉപജീവനത്തിനായി മറ്റ് തൊഴിലുകളെ ആശ്രയിക്കുകയാണ്
പ്രവീൺ കുമാർ, പി.കെ.ആർ ഗ്രൂപ്പ്