s
അബ്ദുൾനസീർ കുഞ്ഞ്

ആലപ്പുഴ : ഇരുപത്തിയഞ്ച് വ‌ഷം മുമ്പ് ഡൽഹിയിലെ ഒരു രാത്രി. നസീർകുഞ്ഞ് എന്ന മലയാളി പൊലീസ് കോൺസ്റ്റബിൾ അവിചാരിതമായാണ് ആ ഹോട്ടലിന്റെ അടുക്കളഭാഗത്ത് തീനാളങ്ങൾ കണ്ടത്. പൊലീസുകാരനായതിനാൽ ഒരു സംശയം തോന്നി. ഇല്ലായിരുന്നെങ്കിൽ ഒരു യുവ കോൺഗ്രസ് എം.എൽ.എ സുന്ദരിയായ ഭാര്യയെ കൊന്ന് വെട്ടിനുറുക്കി തന്തൂരി അടുപ്പിൽ നെയ്യൊഴിച്ച് കനലിൽ കത്തിച്ച കൊടുംക്രൂരത ചിലപ്പോൾ ലോകം അറിയാതെ പോയേനെ. ഒപ്പം ഒരു ത്രികോണ പ്രണയത്തിന്റെ ദുരന്തവും.

ഇപ്പോൾ ഓച്ചിറ മഠത്തിൽ കാരാണ്മ പടീറ്റടുത്ത് വീട്ടിൽ റിട്ടയർമെന്റ് ജീവിതം നയിക്കുന്ന അബ്ദുൾനസീർ കുഞ്ഞ് എല്ലാം ഓർമ്മിക്കുന്നു.

ഡൽഹി എം.എൽ.എ ആയിരുന്ന സുശീൽ ശർമ്മ പാർട്ടിയിലെ സഹപ്രവർത്തകയും ഭാര്യയുമായ നൈനാ സാഹ്നിയെ വെടിവച്ചു കൊന്ന ശേഷം ശരീരം വെട്ടിനുറുക്കി സ്വന്തം ഹോട്ടലിന്റെ തന്തൂരി അടുപ്പിൽ കത്തിക്കുകയായിരുന്നു.

1995 ജൂലായ് രണ്ടിന് രാത്രി.

അബ്ദുൾ നസീർ കുഞ്ഞിനൊപ്പം പട്രോളിംഗിന് ഹോംഗാർഡ് ചന്ദ്രപാലും ഉണ്ടായിരുന്നു. ഹോട്ടലിന്റെ അടുക്കളഭാഗത്ത് വലിയ തീയായിരുന്നു. ഗേറ്റിന് മുന്നിൽ സുശീൽകുമാർ ശർമ്മയുണ്ടായിരുന്നു.ചോദിച്ചപ്പോൾ പഴയ തിരഞ്ഞെടുപ്പു ബാനറുകൾ കത്തിക്കുകയാണെന്നായിരുന്നുവെന്ന് മറുപടി. പക്ഷേ, നസീറിന് സംശയം. പിന്നിലെ മതിൽചാടിക്കടന്നപ്പോൾ മാംസം കത്തുന്ന ഗന്ധം. ഹോട്ടൽ മാനേജർ കേശവ് കുമാറിനെ പിടികൂടി. തുടർന്നുള്ള പരിശോധനയിലാണ് തന്തൂരി അടുപ്പിൽ നെഞ്ചും വയറും കത്തി കുടൽമാല പുറത്തുചാടിയ സ്ത്രീയുടെ മൃതദേഹം കണ്ടത്. ഇതിനിടെ ശർമ്മ രക്ഷപ്പെട്ടു.

കേസ് നടക്കുമ്പോൾ നസീറിന് ഭീഷണികളുണ്ടായി. മൊഴിമാറ്റാൻ 25 ലക്ഷം വാഗ്ദാനം. നസീർ ഉറച്ചുനിന്നു. 17 വർഷം സർവീസ് ബാക്കി നിൽക്കെ 2011-ൽ സ്വയം വിരമിച്ചു. സ്ഥാനക്കയറ്റം നിഷേധിച്ചതാണ് കാരണം. ഒപ്പം ഉമ്മ റുക്കിയാബീവിയുടെ അസുഖവും. ഉമ്മ ഒരാഴ്ച മുമ്പ് മരണമടഞ്ഞു.

 തന്തൂരി കേസ്

നൈനയ്‌ക്ക് പാർട്ടി പ്രവർത്തകനും സഹപാഠിയുമായ മത്‌ലൂബ് കരീമുമായി ബന്ധമുണ്ടായിരുന്നു. സംഭവദിവസം രാത്രി വീട്ടിലെത്തിയ സുശീൽ ശർമ്മ,​ മത്‌ലൂബുമായി നൈന ഫോണിൽ സംസാരിക്കുന്നത് കണ്ടു.വാക്കേറ്റത്തിനിടെ നൈനയെ വെടിവച്ചു കൊന്നു. മൃതദേഹം വെട്ടിനുറുക്കി ഉപേക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ കൊണാട്ട് പ്ളേസിലെ തന്റെ ഹോട്ടലിൽ എത്തിച്ചു. ജീവനക്കാരെയെല്ലാം ഒഴിവാക്കിയശേഷം തന്തൂരി അടുപ്പിൽ കത്തിച്ചു.

വധശിക്ഷ ജീവപര്യന്തമായി

2007 നവംബറിൽ സുശീൽശർമ്മയ്‌ക്ക് സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. കേശവകുമാറിന് ജീവപര്യന്തവും. വിധി ഹൈക്കോടതി ശരിവച്ചു. 2013 ഒക്ടോബർ 8 ന് സുപ്രീംകോടതി ചീഫ് ജസ്​റ്റിസ് പി. സദാശിവം, ജസ്​റ്റിസുമാരായ രഞ്ജന ദേശായി, രഞ്ജൻ ഗോഗോയ് എന്നിവരുടെ ബെഞ്ച് വധശിക്ഷ ജീവപര്യന്തമാക്കി. മുൻക്രിമിനൽ പശ്ചാത്തലം ഇല്ലാത്തതും സമൂഹത്തിനെതിരായ കു​റ്റമല്ലെന്നതുമായിരുന്നു കാരണം. നല്ലനടപ്പ് പരിഗണിച്ച് 2018 ഡിസംബർ 21 ന് ശർമ്മ മോചിതനായി.