s

 രണ്ടാം കൃഷിക്ക് മടിക്കുന്നത് 18,000 ഹെക്ടറിൽ


ആലപ്പുഴ: പ്രളയഭീതി നിലനിൽക്കുന്നതിനാൽ കുട്ടനാട്, അപ്പർ കുട്ടനാട് ഭാഗത്തെ 18,000 ഹെക്ടർ പാടത്ത് രണ്ടാംകൃഷിയിറക്കാൻ കർഷകർ മടിക്കുന്നു. ആകെയുള്ള 30,000 ഹെക്ടർ പാടത്തെ 28,000 ഹെക്ടറിലാണ് കഴിഞ്ഞ വർഷം രണ്ടാംകൃഷിയിറക്കിയത്. ഇക്കുറി 10,000 ഹെക്ടറിലാണ് കൃഷിയിറക്കിയിട്ടുള്ളത്.

വൃശ്ചികമാസത്തിലെ വേലിയേറ്റത്തിൽ കയറുന്ന ഉപ്പുവെള്ളവും കൃഷി നാശത്തിന് ഇടവരുത്തും. ഇതിനു പുറമേ ഭൂരിഭാഗം പാടങ്ങളുടെയും പുറംബണ്ട് ബലപ്പെടുത്തിയിട്ടില്ല. നിലവിലെ അവസ്ഥയിൽ എത്ര ചെലവ് കുറച്ചാലും ഏക്കറിന് 30,000 രൂപ കർഷകർക്ക് ചെലവ് വരും. തോട്ടപ്പള്ളി പൊഴിമുറിക്കലിലെ വിവാദങ്ങളും കർഷകരെ ആശങ്കയിലാക്കുന്നുണ്ട്.

കഴിഞ്ഞ പുഞ്ചക്കൃഷിയിൽ ഉപ്പുവെള്ളം കയറി കരുവാറ്റ, ചെറുതന, പള്ളിപ്പാട് പാടശേഖരങ്ങളിൽ ആയിരക്കണക്കിന് ഏക്കർ നെൽകൃഷി നശിച്ചിരുന്നു. ഒരിക്കൽ ഉപ്പുവെള്ളം കയറിയാൽ പിന്നീടിള്ള വിളവിനെ ഇത് ബാധിക്കാനുള്ള സാദ്ധ്യത ഏറെയാണെന്ന് വിദഗ്ദ്ധർ പറയുന്നു. ഇത്തവണ ചമ്പക്കുളം, അമ്പലപ്പുഴ ബ്ളോക്ക് പരിധിയിലും ആലപ്പുഴ നഗരസഭയുടെ പരിധിയിലും ഉള്ള പ്രദേശത്താണ് രണ്ടാംകൃഷി നടന്നത്. വിത കഴിഞ്ഞ ഭാഗങ്ങളിൽ 20 ദിവസം വരെ പ്രായമായ നെൽ ചെടികളാണുള്ളത്. ഭൂരിഭാഗം കൃഷിഭൂമിയും തരിശിടേണ്ടി വന്നാൽ ആയിരക്കണക്കിന് തൊഴിലാളി കുടുംബങ്ങളെ ഇത് ബാധിക്കും.

........................

 30,000 ഹെക്ടർ: കുട്ടനാട്, അപ്പർകുട്ടനാട് ഭാഗത്തെ വിസ്തൃതി

 10,000 ഹെക്ടർ: ഇക്കുറി രണ്ടാംകൃഷി

 28,000 ഹെക്ടർ: കഴിഞ്ഞ വർഷത്തെ രണ്ടാം കൃഷി