ഹരിപ്പാട്. മകന്റെ രണ്ടാം പിറന്നാൾ ആഘോഷിക്കാൻ കരുതിവച്ചിരുന്ന തുക നിർദ്ധന കുടുംബത്തിലെ നാലു വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് കൈമാറി രക്ഷിതാക്കളുടെ മാതൃക.
കാർത്തികപ്പള്ളി മഹാദേവികാട് സജീവ് നിവാസിൽ, മാദ്ധ്യമപ്രവർത്തകനായ സജീവിന്റെയും ഡോ.സുചലക്ഷ്മിയുടേയും മകനായ സിദ്ധാർഥിന്റെ രണ്ടാം പിറന്നാളാണ് ഇങ്ങനെ വ്യത്യസ്തമായി ആഘോഷിച്ചത്. കാർത്തികപ്പള്ളി പുതുക്കുണ്ടം സ്വദേശിയുടെ മക്കളുടെ ഓൺലൈൻ പഠനത്തിനാണ് ടിവി വാങ്ങി നൽകിയത്. ഇവരുടെ നാലുമക്കളും വിദ്യാർത്ഥികളാണ്. മൂത്തമകൻ പ്ലസ് ടു പരീക്ഷാ ഫലം കാത്തിരിക്കുന്നു. രണ്ടാമത്തെ മകൾ ഹരിപ്പാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. ഇളയവരും ഇരട്ട സഹോദരങ്ങളുമായ ഫാത്തിമയും, ഫറൂഖും കാർത്തികപ്പള്ളി ഗവ. യു.പി എസിലെ ആറാം ക്ലാസ് വിദ്യാർത്ഥികൾ. വീട്ടിൽ ടി.വിയോ, സ്മാർട്ട് ഫോണോ ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസുകൾക്കായി സമീപത്തെ വീടുകളെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു.
വീടിനോടു ചേർന്നുള്ള ഒരു പെട്ടിക്കട ആണ് കുടുംബത്തിന്റെ ജീവിതമാർഗം. ഇവിടെ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് രണ്ടു മുറി മാത്രമുള്ള വീട്ടിൽ ഈ വലിയ കുടുംബം കഴിയുന്നത്. കുട്ടികളുടെ അവസ്ഥ ശ്രദ്ധയിൽപ്പെട്ട 'കരുതൽ' ഉച്ചയൂണ് കൂട്ടായ്മയുടെ ചെയർമാൻ ഷാജി കെ.ഡേവിഡാണ് വിവരം സജീവിനേയും കുടുംബത്തെയും അറിയിച്ചത്. തുടർന്ന് കഴിഞ്ഞ ദിവസം സിദ്ധാർത്ഥ് ഉൾപ്പെടെയുള്ളവർ വീട്ടിലെത്തി ടിവി കൈമാറി. കരുതൽ ചെയർമാൻ ഷാജി കെ.ഡേവിഡ്, ചന്ദ്രസേനൻ, സുജാത, അനു നാരായണൻ, അനീഷ്, സുഭാഷ് പിള്ള കടവ് എന്നിവർ പങ്കെടുത്തു.