velichenna

പൂച്ചാക്കൽ: വെട്ടിത്തിളയ്ക്കുന്ന വെളിച്ചെണ്ണയിൽ കൈമുക്കാൻ അദ്ഭുതസിദ്ധിയൊന്നും വേണ്ടെന്ന് വെളിപ്പെടുത്തുകയാണ് പൂച്ചാക്കൽ മേത്തറ വീട്ടിൽ ചന്ദ്രമോഹനൻ.

ആറു കൂട്ടം അരികളും നാലു കൂട്ടം പയറുകളും കോലരക്കും പൂവാങ്കുറിഞ്ഞിയും കൈയുണ്യവും ഉൾപ്പെടെ പത്തൊമ്പതു കൂട്ടം ആയുർവേദ മരുന്നുകളുടെ പ്രത്യേക കൂട്ട് തയ്യാറാക്കി വെളിച്ചെണ്ണയിൽ ലയിപ്പിക്കും. ഇത് തിളപ്പിക്കുമ്പോൾ, വെളിച്ചെണ്ണയുടെ തിളനില 300 ഡിഗ്രി സെൽഷ്യസിൽ നിന്നു 25 ഡിഗ്രി സെൽഷ്യസായി കുറയും. ഈ ചൂടിൽ ആർക്കും കൈമുക്കാം. ഇത് നീരിറക്കം, ഉറക്കക്കുറവ്, പീനസം, ചെവി പൊട്ടിയൊലിക്കൽ തുടങ്ങിയവയ്ക്ക് ഉത്തമ പ്രതിവിധിയാണെന്ന് ചന്ദ്രമോഹനൻ അവകാശപ്പെടുന്നു.

പൂച്ചാക്കൽ പോസ്റ്റ് ഓഫീസിൽ നിന്ന് പോസ്റ്റ്മാനായി ആറു മാസം മുമ്പ് റിട്ടയർ ചെയ്ത ചന്ദ്രമോഹനൻ പച്ചമരുന്നുകളെല്ലാം നേരിട്ടാണ് സംഭരിക്കുന്നത്. നിർമ്മാണ ചിലവ് മാത്രമേ ആവശ്യക്കാരിൽ നിന്നു ഈടാക്കാറുള്ളു. കളരി അഭ്യാസിയും മർമ്മ ചികിത്സകനുമായ ചന്ദ്രമോഹൻ 22 വർഷമായി രംഗത്തുണ്ട്. ആയുർവേദ വൈദ്യ ഗുരുവിൽ നിന്നു വായ്മൊഴിയായി കിട്ടിയ അറിവാണ് ആവശ്യക്കാർക്ക് പങ്കുവയ്ക്കുന്നത്. ഭാര്യ പ്രഭയും മൂന്നു പെൺകുട്ടികളുമടങ്ങുന്നതാണ് കടുംബം.