തട്ടുകട കച്ചവടം ഓൺലൈനാക്കി ഭാസിയും ഭാര്യയും
ആലപ്പുഴ: ചായ മുതൽ ഫൈവ് സ്റ്റാർ വിഭവങ്ങൾ വരെ ഓൺലൈനിൽ പറന്നു കളിക്കവേ, തട്ടുദോശയെക്കൂടി ഈ 'നിലവാര'ത്തിലേക്ക് എത്തിക്കാനുള്ള പരിശ്രമത്തിലാണ് ഭാസിച്ചേട്ടനും ഭാര്യ വിജയമ്മയും. ലോക്ക്ഡൗണിൽ തട്ടുകട ബസിനസും പ്രതിസന്ധിയിലായതോടെ, മകൻ അജേഷിനുണ്ടായ ആശയം 'ഭാസിച്ചേട്ടന്റെ തട്ടുദോശ' എന്ന പേരിൽ ഓൺലൈനിൽ നിറഞ്ഞു നിൽക്കുകയാണിപ്പോൾ.
ലോക്ക് ഡൗൺ ഇളവിൽ ഹോട്ടലുകൾ തുറന്നെങ്കിലും തട്ടുദോശയ്ക്കു വേണ്ടിയുള്ള പരക്കംപാച്ചിലിലാണ്, ആ രുചി ആസ്വദിച്ചിട്ടുള്ള നല്ലൊരു വിഭാഗം ഭക്ഷണപ്രേമികൾ. 11 വർഷമായി ആലപ്പി ജിമ്മിന് സമീപം തട്ടുകട നടത്തിയിരുന്ന, എസ്.ഡി ഫാർമസിയിലെ മുൻ പാചകക്കാരൻ കൂടിയായ വെള്ളക്കിണർ കിഴക്കേകാട്ടുങ്കൽ വീട്ടിൽ ഭാസിയേട്ടനും ഭാര്യ വിജയമ്മയ്ക്കും ഓൺലൈൻ കച്ചവടത്തിന്റെ സാദ്ധ്യതകൾ അറിയില്ലായിരുന്നു. വാട്ട്സാപ്പ് ഗ്രൂപ്പിലും തട്ടുദോശ കച്ചവടം നടത്താമെന്ന ആശയം അച്ഛനോടു പറഞ്ഞത് റിസോർട്ട് ജീവനക്കാരനും സി.പി.എം കുതിരപ്പന്തി എൽ.സി സെക്രട്ടറിയുമായ അജേഷാണ്. ഭാര്യ അശ്വതിയും ഒപ്പംകൂടി. ആലപ്പുഴ നഗരസഭ പരിധിയിൽ എവിടെയും പത്ത് രൂപ ഡെലിവറി ചാർജിൽ ഭക്ഷണമെത്തിക്കും. ആറ് രൂപയുടെ തട്ട് ദോശയ്ക്കൊപ്പം ചമ്മന്തി, സാമ്പാർ, മുളക്, ചമ്മന്തിപ്പൊടി എന്നിവയുണ്ടാകും. ഓംലെറ്റ് സിംഗിളോ, ഡബിളോ; ആവശ്യക്കാരന്റെ ഇഷ്ടത്തിനനുസരിച്ച് തയ്യാർ.
എസ്.ഡി ഫാർമസിയിൽ നിന്ന് വിരമിച്ച ശേഷം ദോശമാവിന്റെ വിൽപ്പനയായിരുന്നു ഭാസിക്ക്. പിന്നീടാണ് അത് തട്ടുകടയായി മാറിയത്. ലോക്ക് ഡൗൺ വന്നതോടെ കുടുംബത്തിന്റെയാകെ വരുമാനം നിലച്ചു. ഓൺലൈനിൽ പിടി മുറുകിത്തുടങ്ങിയതോടെ നില അല്പം മെച്ചപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ കപ്പ, കക്കയിറച്ചി, ബീഫ് വിഭവങ്ങളും തയ്യാറാക്കാനുള്ള ആലോചനയിലാണ് ഭാസിയും കുടംബവും. 9633563287 എന്ന നമ്പറിൽ വിളിച്ചും, വാട്സാപ്പ് ഗ്രൂപ്പിൽ അംഗങ്ങളായും ആഹാരം ഓർഡർ ചെയ്യാം.