ആലപ്പുഴ: പ്രവർത്തനോദ്ഘാടനം കഴിഞ്ഞ് ഒരു വർഷത്തിനുശേഷം റദ്ദാക്കിയ ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് അഡ്വ. അനിൽ ബോസ് നാളെ ഉപവാസം അനുഷ്ഠിക്കും. എസ്.എൻ.ഡി.പി യോഗം ഒന്നാം നമ്പർ നീലംപേരൂർ ശാഖയ്ക്കു സമീപം രാവിലെ 9 മുതലാണ് ഉപവാസം.

കൊടിക്കുന്നിൽ സുരേഷ് എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,ഡി.സി.സി പ്രസിഡന്റ് എം.ലിജു തുടങ്ങിയ നേതാക്കളും ജനപ്രതിനിധികളും ഐക്യദാർഢ്യം പ്രകടിപ്പിക്കാനെത്തും. ശിവഗിരിമഠം, ചെമ്പഴന്തി ഗുരുകുലം, കന്നുംപാറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, അരുവിപ്പുറം ക്ഷേത്രം എന്നീ ഗുരുദേവകേന്ദ്രങ്ങളെ ബന്ധപ്പെടുത്തി ശ്രീനാരായണഗുരു ടൂറിസം സർക്യൂട്ട് പദ്ധതി നടപ്പാക്കുമെന്നായിരുന്നു കേന്ദ്രം ഉറപ്പുനൽകിയിരുന്നത്. കേന്ദ്രത്തിന്റെ സ്വദേശിദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി 69.47കോടിയുടെ പദ്ധതി ഐടിഡിസി മുഖേന നടപ്പാക്കുന്നതിന്റെ പ്രവർത്തനോദ്ഘാടനം 2019 ഫെബ്രുവരിയിൽ കേന്ദ്രമന്ത്രിയായിരുന്ന അൽഫോൻസ് കണ്ണന്താനം നടത്തുകയും ചെയ്തതാണ്. . പിന്നീട് പദ്ധതി ഉറദ്ദാക്കി എന്നാണ് കേന്ദ്രവിനോദസഞ്ചാരമന്ത്രാലയം അറിയിച്ചത്. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും തമ്മിലടിച്ച് ശ്രീനാരായണ സ്ഥാപനങ്ങളുടെ വികസന സാധ്യതയാണ് ഇല്ലാതാക്കിയതെന്ന് അഡ്വ. അനിൽ ബോസ് ആരോപിച്ചു.