ആലപ്പുഴ :അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ കടലേറ്റം രൂക്ഷമായ പ്രദേശങ്ങളിൽ പുലിമുട്ട് നിർമ്മിക്കുന്നതിന് 54കോടി രൂപ സർക്കാർ അനുവദിച്ചതായി മന്ത്രി ജി.സുധാകരൻ അറിയിച്ചു. അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക് എന്നിവിടങ്ങളിൽ കടലേറ്റം രൂക്ഷമായ 2.75 കി.മീറ്റർ ദൂരത്തിലാണ് 30 പുലിമുട്ടുകൾ നിർമ്മിക്കുന്നത്. ടെണ്ടർ തുകയിൽ നിന്നും ഉയർത്തി പിടിച്ച തുക അധികമായി നൽകിയാണ് ഇപ്പോൾ പുലിമുട്ട് നിർമ്മിക്കുവാൻ അനുമതി നൽകിയത്. 20 മീറ്റർ നീളത്തിൽ 5 എണ്ണവും 30 മീറ്റർ നീളത്തിൽ 7 എണ്ണവും 40 മീറ്റർ നീളത്തിൽ 9 എണ്ണവും 50 മീറ്റർ നീളത്തിൽ 9 പുലിമുട്ടുമാണ് നിർമ്മിക്കുന്നത്.
തീരദേശത്തെ ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമാണ് ഇതിലൂടെ പരിഹരിക്കപ്പെടുന്നത്. മത്സ്യതൊഴിലാളികൾക്കായി നിരവധി സഹായ പദ്ധതികളാണ് അമ്പലപ്പുഴ മണ്ഡലത്തിൽ നടപ്പിലാക്കുന്നതെന്നും മന്ത്രി ജി.സുധാകരൻ പറഞ്ഞു.