ഹരിപ്പാട്: ക്ഷേത്രത്തിന്റെ കൊടിമരം സ്ഥാപിക്കുന്ന സ്ഥലത്തുൾപ്പെടെ വസ്തു ഉടമ തെങ്ങിൻതൈകൾ നട്ടത് ഭക്തർ പിഴുതുമാറ്റി. കരുവാറ്റ കരിയിൽ പുത്തൻപറമ്പ് ശ്രീ ദേവീക്ഷത്രത്തിന്റെ മുൻവശത്താണ് കഴിഞ്ഞ ദിവസം 13 തെങ്ങിൻതൈകൾ നട്ടത്.
ഈ വസ്തു ക്ഷേത്രത്തിനു വേണ്ടി വാങ്ങാൻ വർഷങ്ങൾക്കു മുമ്പ് 50,000 രൂപ അഡ്വാൻസ് നൽകിയിരുന്നതായി ക്ഷേത്രം ഭാരവാഹികൾ പറയുന്നു. ഭരണസമിതി പലതവണ മാറിയതോടെ ഭൂമി കൈമാറ്റം നടന്നില്ല. ഇതിനിടെ, വസ്തു ഉടമ കൂടുതൽ തുക ആവശ്യപ്പെട്ടതും പ്രതിസന്ധി സൃഷ്ടിച്ചു. കുംഭഭരണി ഉത്സവത്തിന് പകൽ കാഴ്ചകൾ അണിനിരക്കുന്ന ക്ഷേത്ര നടയിലാണ് തെങ്ങിൻതൈകൾ നട്ടത്. വസ്തു ഇടപാട് പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു ചർച്ചയും നടത്താതെയാണ്, പ്രശ്നങ്ങളുണ്ടാക്കാൻ മനപൂർവ്വം ഇങ്ങനൊരു നീക്കം നടത്തിയതെന്നും ഭാരവാഹികൾ ആരോപിച്ചു.