ആലപ്പുഴ: കടലാക്രമണം, വെള്ളപ്പൊക്കം എന്നിവ നേരിടാൻ ജില്ലയിലെ എല്ലാ വകുപ്പുകളും പൂർണ്ണ സജ്ജമാകണമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി ജി സുധാകരൻ പറഞ്ഞു. കാലവർഷത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ആസൂത്രണ സമിതി ഹാളി‍ൽ ചേർന്ന യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.

കാലവർഷം ശക്തിപ്പെട്ടാൽ കടലാക്രമണ സാദ്ധ്യത കൂടും. ഇക്കാര്യത്തിൽ ഇറിഗേഷൻ വകുപ്പിന്റെ ഭാഗത്തുനിന്ന് ക്രിയാത്മകമായ ഇടപെടൽ ഉണ്ടാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കടലാക്രമണം തടയാൻ ശാസ്ത്രീയമായ പരിഹാര മാർഗ്ഗങ്ങൾ തേടണം. ഇതിന് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ നിർദ്ദേശങ്ങളും പരിഗണിക്കണം. കിഫ്ബിയുടെ സഹായത്താൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പുലിമുട്ടുകൾ സ്ഥാപിക്കാനുള്ള അഞ്ചു പ്രവൃത്തികൾക്ക് 184.04 കോടിയുടെ അനുമതി കഴിഞ്ഞ ദിവസത്തെ മന്ത്രിസഭായോഗത്തിൽ അനുമതി ലഭിച്ചു. തോട്ടപ്പള്ളി പൊഴിമുഖം മുതൽ വീയപുരം വരെ 11 കിലോമീറ്റർ ആഴം കൂട്ടൻ മൂന്ന് ഡ്രഡ്ജറുകൾ പ്രവർത്തിക്കുന്നുണ്ട്. എം.പി.മാരായ എ.എം.ആരിഫ്, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എ മാരായ ആർ.രാജേഷ്, യു.പ്രതിഭ, ഷാനിമോൾ ഉസ്മാൻ, മന്ത്രി പി.തിലോത്തമന്റെ പ്രതിനിധി, കളക്ടർ എ.അലക്സാണ്ടർ, ജില്ലാ പോലീസ് മേധാവി പി.എസ്.സാബു, നഗരസഭാ ചെയർമാൻമാരായ ഇല്ലിക്കൽ കുഞ്ഞുമോൻ, എൻ.ശിവദാസ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ആശ സി.എബ്രഹാം, വിവിധ വകുപ്പുതല മേധാവികൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.