ഹരിപ്പാട്: ഏഴാം ക്ളാസ് വിദ്യാർത്ഥിനി വീട്ടിലെ കിടപ്പുമുറിയിൽ ജീവനൊടുക്കി. കാർത്തികപ്പള്ളി മഹാദേവികാട് ചിറ്റൂർ വീട്ടിൽ അശ്വതിയുടെ മകൾ ഹർഷയെയാണ് (13) ഫാനിൽ തൂങ്ങിമരിച്ച നിലയിൽ ഇന്നലെ രാവിലെ കണ്ടെത്തിയത്. അമ്മ വഴക്കുപറഞ്ഞതിൽ മനംനൊന്താണ് ആത്മഹത്യയെന്നും, മുറിയിൽ നടത്തിയ പരിശോധനയിൽ കുട്ടിയുടെ നോട്ട് ബുക്കിൽ 'അയാം ഗോയിംഗ്' (ഞാൻ പോകുന്നു) എന്ന് എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായും തൃക്കുന്നപ്പുഴ പൊലീസ് പറഞ്ഞു.
നങ്ങ്യാർകുളങ്ങര ബഥനി സ്കൂൾ വിദ്യാർത്ഥിയാണ് ഹർഷ. മാവേലിക്കര താലൂക്ക് സർവീസ് സഹ. ബാങ്ക് ജീവനക്കാരിയായ അശ്വതി, ആദ്യ വിവാഹത്തിലെ മകളായ ഹർഷയെ നിരന്തരം ഉപദ്രവിക്കുമായിരുന്നെന്ന് അയൽവാസികൾ പൊലീസിനോടു പറഞ്ഞു.
മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. സംസ്കാരം ഇന്ന്. കരുവാറ്റ സ്വദേശി ഹരികുമാറാണ് ഹർഷയുടെ പിതാവ്. ഹരികുമാറുമായി വേർപിരിഞ്ഞശേഷം ചെന്നിത്തല സ്വദേശിയെ അശ്വതി വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ മൂന്നു വയസുള്ള കുട്ടിയുണ്ട്.
അമ്മയ്ക്കെതിരെ
അയൽവാസികൾ
അശ്വതി ആറുമാസം മുമ്പ് ഹർഷയുടെ മുടി മുറിച്ചുമാറ്റുകയും തോളിലും മുഖത്തും മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തെന്ന് അയൽവാസികൾ വെളിപ്പെടുത്തി. അന്ന് കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി. പഞ്ചായത്ത് പ്രസിഡന്റും മെമ്പറും ഉൾപ്പെടെയുള്ളവർ എത്തിയപ്പോൾ അമ്മ നിരപരാധിയാണെന്ന് മകളെക്കൊണ്ട് പറയിപ്പിച്ചു. നാട്ടുകാർ ചൈൽഡ് ലൈനിൽ പരാതി നൽകിയിരുന്നു. അവർ സ്കൂളിലെത്തി കുട്ടിയുടെ മൊഴി എടുത്തശേഷം പൊലീസിൽ പരാതി നൽകി. പിങ്ക് പൊലീസ് വീട്ടിലെത്തിയെങ്കിലും അശ്വതിയും പിങ്ക് പൊലീസിലെ ഉദ്യോഗസ്ഥയും തമ്മിലുള്ള സൗഹൃദവും രാഷ്ട്രീയ ഇടപെടലും കാരണം കേസ് മുന്നോട്ടു നീങ്ങിയില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. അന്വേഷണത്തിൽ ആരോപണങ്ങൾ തെളിഞ്ഞാൽ അമ്മയ്ക്കെതിരെ നടപടി ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.