ഉച്ചയ്ക്ക് ടാറിംഗ്, വൈകിട്ട് ഇടിഞ്ഞു
ആലപ്പുഴ: ടാറിംഗ് പൂർത്തീകരിച്ച് നാല് മണിക്കൂറിനകം റോഡ് ഇടിഞ്ഞ് ആറ്റിൽ പതിച്ചു. 38 ലക്ഷം മുടക്കി ഹാർബർ എൻജിനീയറിംഗ് വിഭാഗം നിർമ്മിച്ച, എടത്വ പഞ്ചായത്ത് പത്താം വാർഡിലെ മരിയാപുരം - ഗവ.ഫിഷറീസ് റോഡിന്റെ ഒരു ഭാഗമാണ് ടാറിന്റെ ചൂടാറുംമുമ്പ് ആറ്റിൽ പതിച്ചത്.
നാല് ദിവസം മുമ്പ് ടാറിംഗ് നടത്തിയ 570 മീറ്റർ ഭാഗത്ത് ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് റീടാറിംഗ് ജോലികൾ നടന്നത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ തന്നെ വിള്ളൽ വീഴാൻ തുടങ്ങിയിരുന്നു. വൈകിട്ട് നാലിന് മഴ ശക്തമായതോടെയാണ് രണ്ട് തെങ്ങുൾപ്പെടെ റോഡിന്റെ ഒരു ഭാഗം പമ്പയാറിന്റെ ഭാഗമായ കൊച്ചാറിലേക്ക് പതിച്ചത്. റോഡിന് വേണ്ടി എസ്റ്റിമേറ്റ് എടുത്തിരുന്ന സമയത്ത് സംരക്ഷണഭിത്തി ഉണ്ടായിരുന്നതായും പ്രദേശത്ത് വ്യാപകമായിരുന്ന മണൽവാരൽ മൂലമാണ് റോഡ് ഇടിഞ്ഞതെന്നുമാണ് കരാറുകാരന്റെ വാദം. വിള്ളൽ പ്രത്യക്ഷപ്പെട്ടതോടെ പണി തുടരാനാവില്ലെന്ന് ഹാർബർ എൻജിനീയറിംഗ് വിഭാഗത്തെ അറിയിച്ചിരുന്നതായും, ടാറിംഗ് ഉടൻ പൂർത്തിയാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തെ തുടർന്നാണ് പണി വീണ്ടും ആരംഭിച്ചതെന്നും കോൺട്രാക്ടർ പറയുന്നു.
വർഷങ്ങളായി റോഡില്ലാതെ ബുദ്ധിമുട്ടിയിരുന്ന പ്രദേശത്ത് ഫിഷറീസ് ഫാം ആരംഭിച്ചതോടെയാണ് റോഡിനുള്ള അനുമതി ലഭിച്ചതും നിർമ്മാണം ആരംഭിച്ചതും. സംരക്ഷണഭിത്തിയില്ലാത്ത പ്രദേശത്ത് കൽക്കെട്ട് ഉണ്ടാക്കാതെ നടക്കുന്ന നിർമ്മാണം അശാസ്ത്രീയമാണെന്ന് നിരവധി തവണ പരാതിപ്പെട്ടിരുന്നതായി പ്രദേശവാസികൾ പറയുന്നു. നിർമ്മാണത്തിന്റെ പല ഘട്ടത്തിലും റോഡിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടിരുന്നു.
.........................
കുട്ടനാട് പോലൊരു പരിസ്ഥിതി ദുർബലപ്രദേശത്ത് പാലിക്കേണ്ട ഒരു നിബന്ധനകളും ഈ റോഡ് പണിയിൽ പാലിച്ചിട്ടില്ല. 30 വർഷം മുമ്പ് കെട്ടിയ ഒരു സംരക്ഷണഭിത്തിയുടെ ചെറിയ ഭാഗം മാത്രമാണ് നിലനിന്നിരുന്നത്. ബാക്കി ഭാഗം കൂടി ഇടിഞ്ഞാൽ പ്രദേശത്തെ വീടുകളുടെ നിലനിൽപ്പും ഭീഷണിയിലാവും
പി.ജി.സജി, പ്രദേശവാസി